നാട്ടറിവുകൾ ഒരു നാടിന്റെ നിൽപ്പാണ് എന്ന് കരുതിവന്നിരുന്ന കാലം മാറുകയാണ്.നാട്ടറിവുകൾ ഒരു സംസ്കാരത്തിന്റെ ഭാഗമായിട്ടാണ് കരുതി വന്നിരുന്നത്. അത് പലപ്പോഴും ജീവിതചര്യയുടെ ഭാഗം ആയിരുന്നുതാനും.അനുഭവത്തിലൂടെയും കണ്ടും കേട്ടും അറിഞ്ഞും തലമുറകളിൽ നിന്നും തലമുറകളിലേക്ക് കൈമാറിവന്നിരുന്നതാണ് നാട്ടറിവുകൾ .അതുകൊണ്ടുതന്നെ അതിന് പലപ്പോഴും ഒരു ലിഖിത രൂപമോ ആധികാരിക രേഖയോ ഉണ്ടായിക്കൊള്ളണമെന്നും ഇല്ല. കാലത്തിന്റെ കുത്തൊഴുക്കിൽ , ഉപഭോഗസംസ്കാരത്തിന്റെ തള്ളിക്കയറ്റത്തിൽ , അതെല്ലാം കൈമോശം വരുന്നു എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത് .
നഗരവത്കരണത്തിന്റെ വേഗത കൂടിയതോടെ ഗ്രാമങ്ങൾ ഇല്ലാതായ നമ്മുടെ കേരളത്തിൽ ഇല്ലാതായ ഗ്രാമങ്ങൾക്കൊപ്പം ഇല്ലാതായത് നമ്മുടെ ഗ്രാമങ്ങളിലെ നാട്ടറിവുകൾ കൂടിയാണ്. അപ്പോഴും ചെറിയതെങ്കിലും ഒരു മങ്ങിയതെങ്കിലും ഒരു ചെറിയ വെളിച്ചമായി കാട്ടിലെ നാട്ടറിവുകൾ നിലനിന്നിരുന്നു . വനവാസി സമൂഹം അവരുടെ സ്വന്തമായ നാട്ടറിവുകൾ ഉപയോഗിച്ചിരുന്നത് അവരുടെ നിലനില്പിനുവേണ്ടി കൂടിയായിരുന്നു .എന്നാൽ ഏറ്റവും പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നത് വനവാസി സമൂഹത്തിലെ നാട്ടറിവുകളും അന്യം നിന്ന് തുടങ്ങി എന്നാണ്. അവർക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഔഷധ സസ്യങ്ങളുടെ പ്രയോഗം, കൃഷിയിടങ്ങളിലെ കീടനശീകരണം , വിഷ വൈദ്യം, കാട്ടുകിഴങ്ങുകളും കൂണുകളും ഭക്ഷണമാക്കൽ , വനവാസി കലകൾ , മന്ത്രവാദം തുടങ്ങി അവരുടെ ആചാര രീതികൾ വരെ അന്യം നിന്നു . ഇതുവഴി ഉണ്ടാകുന്ന നഷ്ടം പരിഹരിക്കുകയോ തിരിച്ചുപിടിക്കുകയോ ചെയ്യുന്നത് അസാധ്യം ആണ്. എങ്കിലും അവശേഷിക്കുന്ന നാട്ടറിവുകൾ എങ്കിലും സംരക്ഷിക്കുന്നതിനുള്ള നടപടി ഉണ്ടാകുന്നത് നമ്മുടെ നാളെയിലേക്കുള്ള യാത്ര സുഗമമാക്കുവാൻ സഹായകമാകും
No comments:
Post a Comment