Pages
Friday, 28 August 2020
ആഹാര രീതി മാറുന്ന അനന്തപുരി : -
Tuesday, 9 June 2020
ആതിരപ്പള്ളിയെ നശിപ്പിക്കരുത്
Sunday, 1 March 2020
വന്യജീവി ദിനം 2020
Sunday, 12 August 2018
മഴയിൽ പൊട്ടിച്ചിതറുന്ന ഭൂമി : കാരണം തേടി ഒരു അന്വേഷണം
2018 ലെ കാലവർഷം ആരും പ്രതീക്ഷിക്കാത്ത തരത്തിൽ കേരളിത്തിൽ തകർക്കുകയാണ്. അതെ അക്ഷരാർത്ഥത്തിൽ തകർക്കുകയാണ്.കഴിഞ്ഞ എഴുപത്തിയഞ്ചുദിവസമായി കേരളം മഴകാരണം പേടിച്ച് വിറങ്ങലിച്ചിരിക്കയാണ്.ഡസൻകണക്കിന് മനുഷ്യജീവനുകൾ ഈമഴയെടുത്തു.ആയിരക്കണക്കിന് കോടിരൂപയുടെ നാശനഷ്ടം സംഭവിച്ചു.ശരിക്കും പറഞ്ഞാൽ മഴയിൽ പൊട്ടിച്ചിതറുകയായിനെ മൂന്നായി തിരിച്ച് കണക്കാക്കുന്ന കേരളത്തിൽ ഈ മൂന്ന് മേഖലകളെയും ഒന്നിച്ച് ഒരുപോലെ ദുരിതത്തിൽ ആക്കുകയായിരുന്നു ഇത്തവണത്തെ കാലവർഷം .വെള്ളം തടഞ്ഞുനിറുത്തിയിരുന്ന മിക്കവാറും എല്ലാ ഡാമുകളും തുറന്നുവിടേണ്ട അവസ്ഥ ഉണ്ടായി. മലനാട് മുഴുവനും ഭൂമി പൊട്ടിച്ചിതറി എന്ന് പറയുന്നതാണ് ശരി. തീർച്ചയായും പരിശോധിക്കണം.എന്താണ് ഇതിന് കാരണം ?
ഇതിലും വലിയ വർഷം ഉണ്ടായിട്ടും ഇതുപോലെ ഉരുൾപൊട്ടൽ ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. അവിടെയാണ് മലനാട്ടിലെ ക്രഷർയൂണിറ്റുകളും ക്വാറികളും വില്ലൻ ആവുന്നത്.ഇത്തവണ ഉരുൾപൊട്ടിയ സ്ഥലങ്ങൾ പരിശോധിക്കുക.ബഹുഭൂരിഭാഗം സ്ഥലങ്ങളും പത്തോ പതിനഞ്ചോ കിലോമീറ്ററിനുള്ളിൽ ക്വാറി പ്രവർത്തിക്കുന്നയിടം ആണെന്ന് കാണാം.ക്വാറികളിൽ അനിയന്ത്രിതമായി അതിശക്തമായ സ്ഫോടനം നടത്തി പാറ പൊട്ടിക്കുമ്പോൾ ഭൂമിയിൽ ഉണ്ടായ വിള്ളലുകൾ ആണ് പ്രധാനമായും ഉരുൾ പൊട്ടലിന് കാരണമായിട്ടുള്ളത്.മണ്ണിലേക്ക് ആഴ്ന്ന് ഇറങ്ങുന്ന വെള്ളം സാധാരണനിലയിൽ ഭൂമിയിൽ തങ്ങി ഭൂഗർഭജലം ആയും ഉറവകൾ ആയും പുനർജനിക്കുകയാണ് ചെയ്യുക. സ്ഫോടനം കാരണം ഉണ്ടായ ഭൂമിയിലെ വിള്ളലുകൾ ഒരളവുവരെ വെള്ളം പൊട്ടി ഒഴുകുന്നതിനും അതുവഴി അവിടത്തെ മണ്ണ് കുത്തിയിളകുന്നതിനും കാരണം ആയിട്ടുണ്ടാവണം.അത് ആവണം ഇത്രയും വലിയ ഉരുൾപൊട്ടലായി മാറി നമ്മുടെ മലയാളക്കരയിലെ മലനാടിനെ ഒന്നാകെ തകർത്ത് തരിപ്പണം ആക്കിയത്. ഇത്തവണഉണ്ടായ ഉരുൾപൊട്ടലിന് പ്രധാനകാരണം അനിയന്ത്രിതമായ പാറപൊട്ടിക്കലും കുന്നിടിക്കലും നീർത്തടങ്ങൾ നികത്തിയതും ഉൾപ്പെടെ നാം മനുഷ്യർ ചെയ്തുകൂട്ടിയ പ്രവർത്തികൾ തന്നെയാണ്.അതിൽ നിന്നും ഒഴിഞ്ഞുമാറാൻ നമുക്കാവില്ലതന്നെ !
തീർച്ചയായും ഒരുകാര്യം അടിവരായിട്ടുപറയാം,ഇത്തവണത്തെ ഉരുൾ പൊട്ടലും നാശവും നാം ക്ഷണിച്ച് വരുത്തിയതാണ് .അനിയന്ത്രിതമായി മനുഷ്യൻ ഭൂമിയിൽ നടത്തിയ ഇടപെടലുകളുടെ പരിണിത ഫലമാണിത് . ഇത് നമുക്ക് പാഠം ആവണം. അത് നമ്മുടെ ജീവിതരീതിയെ മാറ്റണം. പ്രകൃതി സൗഹൃദമായ ഒരു ജീവിതരീതിയിലേക്ക് നമുക്ക് മാറാൻ സാധിക്കണം.
എന്തായാലും മലയാളിയുടെ മനസ്സ് മാറാൻ ഇത്തവണത്തെ പേമാരിയും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും കാരണം ആവട്ടെ !
Saturday, 2 June 2018
2018 ജൂൺ 5 പ്രകൃതി സൗഹൃദ ശുചിത്വ വർഷത്തിലെ പരിസ്ഥിതി ദിനം
മാ പൃഥ്‌വി സൊസൈറ്റി 2018 പ്രകൃതി സൗഹൃദ ശുചിത്വ വർഷമായി ആചരിച്ചുവരികയാണ്. അതുകൊണ്ടുതന്നെ ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന് പ്രാധാന്യം ഏറെയാണ് . ഐക്യ രാഷ്ട്ര സഭ ഈ വർഷം പരിസ്ഥിതി ദിന സന്ദേശം ആയി പറയുന്നതും നാം ഉയർത്തിയ അതേ സന്ദേശം തന്നെയാണ് എന്നതിൽ നമുക്കും അഭിമാനിക്കാം.ഐക്യരാഷ്ട്ര സഭ ഈ വർഷത്തെ പരിസ്ഥിതി ദിനത്തിൽ ഉയർത്തുന്ന മുദ്രാ വാക്യം "" പ്ലാസ്റ്റിക് മാലിന്യങ്ങളെ അടിച്ചമർത്തുക "" " നമ്മുടെ ഭൂമിയെ രക്ഷിക്കുക " എന്നതാണ്.
Sunday, 6 May 2018
വേനൽ മഴ : കേരളത്തിൽ മരത്തൈ നടാൻ അനുയോജ്യം
മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ വർഷം വേനൽമഴയിൽ കേരളം അനുഗ്രഹിക്കപ്പെട്ടു.
അതുകൊണ്ടുതന്നെ മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ജൂണിനുമുമ്പുതന്നെ മരതൈകളെ സ്വീകരിക്കാൻ പ്രകൃതി ഒരുങ്ങിക്കഴിഞ്ഞു . എന്നാൽ ഇത്തരം വേനൽമഴ മുന്കൂട്ടികാണുന്നതിൽ നാം പരാജയപ്പെട്ടു.
അതുകൊണ്ടുതന്നെ മുന്നൊരുക്കങ്ങൾ നടത്താൻ ശരിയായവിധം നമുക്ക് സാധിച്ചോ എന്നത് സംശയം ആണ് .
കാരണം മുൻകാല അനുഭവങ്ങളിൽ നിന്നും വേനലിൽ കൂടുതൽ മഴ ലഭിച്ചപ്പോഴൊക്കെ ഇടവപ്പാതി കുറയുകയാണ് ഉണ്ടായിട്ടുള്ളത് .
എന്തായാലും കാത്തിരിക്കാം ...
മരത്തൈ നടൽ ഫേസ് ബുക്കിൽ പോസ്ടിടാനായി മാത്രം കാണുന്ന വലിയൊരു വിഭാഗം ഇതിനോട് എങ്ങനെ പ്രതികരിക്കും എന്നറിയില്ല.
ഏവർക്കും ഹരിതവൽക്കരണ ആശംസകൾ !
Wednesday, 13 December 2017
നാട്ടറിവുകൾ അന്യമാവുമ്പോൾ
നാട്ടറിവുകൾ ഒരു നാടിന്റെ നിൽപ്പാണ് എന്ന് കരുതിവന്നിരുന്ന കാലം മാറുകയാണ്.നാട്ടറിവുകൾ ഒരു സംസ്കാരത്തിന്റെ ഭാഗമായിട്ടാണ് കരുതി വന്നിരുന്നത്. അത് പലപ്പോഴും ജീവിതചര്യയുടെ ഭാഗം ആയിരുന്നുതാനും.അനുഭവത്തിലൂടെയും കണ്ടും കേട്ടും അറിഞ്ഞും തലമുറകളിൽ നിന്നും തലമുറകളിലേക്ക് കൈമാറിവന്നിരുന്നതാണ് നാട്ടറിവുകൾ .അതുകൊണ്ടുതന്നെ അതിന് പലപ്പോഴും ഒരു ലിഖിത രൂപമോ ആധികാരിക രേഖയോ ഉണ്ടായിക്കൊള്ളണമെന്നും ഇല്ല. കാലത്തിന്റെ കുത്തൊഴുക്കിൽ , ഉപഭോഗസംസ്കാരത്തിന്റെ തള്ളിക്കയറ്റത്തിൽ , അതെല്ലാം കൈമോശം വരുന്നു എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത് .
നഗരവത്കരണത്തിന്റെ വേഗത കൂടിയതോടെ ഗ്രാമങ്ങൾ ഇല്ലാതായ നമ്മുടെ കേരളത്തിൽ ഇല്ലാതായ ഗ്രാമങ്ങൾക്കൊപ്പം ഇല്ലാതായത് നമ്മുടെ ഗ്രാമങ്ങളിലെ നാട്ടറിവുകൾ കൂടിയാണ്. അപ്പോഴും ചെറിയതെങ്കിലും ഒരു മങ്ങിയതെങ്കിലും ഒരു ചെറിയ വെളിച്ചമായി കാട്ടിലെ നാട്ടറിവുകൾ നിലനിന്നിരുന്നു . വനവാസി സമൂഹം അവരുടെ സ്വന്തമായ നാട്ടറിവുകൾ ഉപയോഗിച്ചിരുന്നത് അവരുടെ നിലനില്പിനുവേണ്ടി കൂടിയായിരുന്നു .എന്നാൽ ഏറ്റവും പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നത് വനവാസി സമൂഹത്തിലെ നാട്ടറിവുകളും അന്യം നിന്ന് തുടങ്ങി എന്നാണ്. അവർക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഔഷധ സസ്യങ്ങളുടെ പ്രയോഗം, കൃഷിയിടങ്ങളിലെ കീടനശീകരണം , വിഷ വൈദ്യം, കാട്ടുകിഴങ്ങുകളും കൂണുകളും ഭക്ഷണമാക്കൽ , വനവാസി കലകൾ , മന്ത്രവാദം തുടങ്ങി അവരുടെ ആചാര രീതികൾ വരെ അന്യം നിന്നു . ഇതുവഴി ഉണ്ടാകുന്ന നഷ്ടം പരിഹരിക്കുകയോ തിരിച്ചുപിടിക്കുകയോ ചെയ്യുന്നത് അസാധ്യം ആണ്. എങ്കിലും അവശേഷിക്കുന്ന നാട്ടറിവുകൾ എങ്കിലും സംരക്ഷിക്കുന്നതിനുള്ള നടപടി ഉണ്ടാകുന്നത് നമ്മുടെ നാളെയിലേക്കുള്ള യാത്ര സുഗമമാക്കുവാൻ സഹായകമാകും
Tuesday, 3 October 2017
കാടിറങ്ങുന്ന കാട്ടാനകള്‍ : കാരണം തേടി ഒരന്വേഷണം
കാട്ടാനകള്‍ കാടിറങ്ങുന്നതിനുള്ള കാരണം കുടിവെള്ള ദൗര്‍ലഭ്യമോ ആഹാരമില്ലായ്മയോ അല്ല എന്നാണ് മനസ്സിലാവുന്നത്. ഇതാണ് കാരണമെങ്കില്‍ മഴക്കാലത്ത് കാട്ടാനകളുടെ കാടിറക്കം ഉണ്ടാവുമായിരുന്നില്ല.
വനത്തിനുള്ളിലെ മാനുഷിക ഇടപെടലുകള്‍ ആണ് കാരണമെന്നും ഒരുകൂട്ടര്‍ പറഞ്ഞുപരത്തി. അതിനെപറ്റി ശുദ്ധ അസംബന്ധം എന്നേ പറയാനുള്ളൂ. കാരണം ഇക്കൂട്ടര്‍ പ്രചരിപ്പിച്ചത് വനത്തിനുള്ളില്‍ നായാട്ടുസംഘങ്ങളും കഞ്ചാവുകൃഷിക്കാരും നടത്തുന്ന ഇടപെടലുകളാണ് കാട്ടാനകള്‍ നാട്ടിലിറങ്ങുന്നതിന് കാരണം എന്നാണ്. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി ഇത്തരം ഇടപെടലുകള്‍ തീരെ ഇല്ലാതായി എന്നതാണ് വാസ്തവം. വളരെ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന വലിയൊരുവിഭാഗം വനപാലകരുടെ അദ്ധ്വാനത്തിന്റെ ഫലമായി നായാട്ടും കാട്ടിലെ കഞ്ചാവുകൃഷിയും ഏറെക്കുറെ ഇല്ലാതായി എന്ന സത്യം കാണാതെ പോയിക്കൂടാ ...
പിന്നെ എന്താവും കാട്ടാനകള്‍ നാട്ടിലിറങ്ങുന്നതിനുകാരണം ?
നാം നടത്തിയ അന്വേഷണം കൊണ്ട്ചെന്നത്തിച്ചത് മറ്റ് ചില കാരണങ്ങളിലേക്കാണ് ...
ഈ സഹസ്രാബ്ദത്തിന്റെ ആദ്യ നാളുകളില്‍ നമ്മുടെ കാടുകളില്‍ ഒരു കൊമ്പനെ കണ്ടുകിട്ടുകപോലും പ്രയാസമായിരുന്നു ! കഴിഞ്ഞ പത്തിരുപത് വര്‍ഷംകൊണ്ട് കാട്ടാനകളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ദ്ധന ഏവരേയും അത്ഭുതപ്പെടുത്തും.. അതിനുകാരണം വന്യജീവി സംരക്ഷണ നിയമവും അത് ശക്തമായി ഉപയോഗിക്കാന്‍ തയ്യാറുള്ള വനം വകുപ്പിന്റെ ഇച്ഛാശക്തിയുമാണ്. കൂടാതെ ഇക്കാര്യത്തില്‍ മാദ്ധ്യമങ്ങളും പ്രകൃതിസ്നേഹികളും വഹിക്കുന്ന പങ്കും വളരെ വലുതാണ് . ഇന്ന് വാഹകശേഷിയെക്കാള്‍ പലയിടത്തും വന്യജീവികള്‍ പ്രത്യേകിച്ച് കാട്ടാനകള്‍ വര്‍ദ്ധിച്ചിട്ടുണ്ട് എങ്കിലും അത് കാടിറങ്ങാന്‍ കാരണമായിട്ടുണ്ടോ എന്ന് പ്രത്യേകം പരിശോധിക്കേണ്ടിയിരിക്കുന്നു.
മറ്റൊന്ന് കാട്ടാനകളുടെ സ്വഭാവത്തില്‍ ഈയടുത്തായി കണ്ടുവരുന്നമാറ്റമാണ്. മുമ്പ് ആനക്കൂട്ടങ്ങളില്‍ നിന്നും തെറ്റിയ ഒറ്റയാനോ മോഴയോ മാത്രമാണ് കാടിറങ്ങിയിരുന്നത്. എന്നാലിന്ന് പലയിടത്തും ആനകള്‍ പല ഗ്യാംഗുകളായി (സംഘങ്ങള്‍) തിരിച്ച് ടെറിട്ടറികള്‍ തിരിക്കുന്നുവോ എന്നനിലയില്‍ ചിലയിടത്തെങ്കിലും കാണുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ ശേഷികുറഞ്ഞ സംഘങ്ങള്‍ കാടിറങ്ങി നാട്ടില്‍ കറങ്ങാനുള്ള സാധ്യത കാണുന്നുണ്ട് . ഇതിന് കാലാവസ്ഥയിലുണ്ടായ വ്യതിയാനമോ ജനിതകമായ മാറ്റമോ കാരണമായിട്ടുണ്ടാവാം.
മറ്റൊരു പ്രധാന കാരണമായി തോന്നിയിട്ടുള്ളത് വനമേഖലയോട് ചേര്‍ന്നുള്ള കൃഷിയിടങ്ങളിലുണ്ടായ കൃഷിമാറ്റമാണ്.
എന്തായാലും ഇത് സംബന്ധിച്ച് കൂടുതല്‍ പഠനം അനിവാര്യമാണ്.
Sunday, 17 September 2017
ഗ്രീൻ പ്രോട്ടോകോൾ അഥവാ പച്ചചിട്ടയിൽ തൃക്കണ്ണാപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
Friday, 15 September 2017
അൽപ്പം ഓസോൺ ചിന്ത ആവാം
സെപ്റ്റംബർ 16 ലോക ഓസോണ്‍ ദിനം ആണ് .
ഹാനികരമായ അള്‍ട്രാവയലറ്റ് രശ്മികളില്‍നിന്ന് നമ്മുടെ ഭൂമിയെ പൊതിഞ്ഞ് സൂക്ഷിക്കുന്ന വാതകപ്പുതപ്പാണ് ഓസോണ്‍ പാളി. നമ്മുടെ ഭൂമിയുടെയും സകല ജീവജാലങ്ങളുടെയും പരിസ്ഥിതിയുടെയും സംരക്ഷണത്തിനാധാരമായ വാതക കവചമായാണ് ഓസോണ്‍പാളി പ്രവര്‍ത്തിക്കുന്നത്. അതായത് ജീവൻ പുതച്ചുസൂക്ഷിച്ചിരിക്കുന്നത് ഈ ഓസോൺപാളി എന്ന പുതപ്പുകൊണ്ടാണ് .താപീയ ഇൻഫ്രാറെഡ് പരിധിക്കുള്ളിലെ വികിരണം ആഗിരണം ചെയ്ത് പ്രസരിപ്പിക്കുന്ന അന്തരീക്ഷത്തിലെ വാതകമാണ് ഹരിതഗൃഹവാതകം .ഭൂമിയുടെ അന്തരീക്ഷത്തിലെ പ്രധാന ഹരിതഗൃഹവാതകങ്ങൾ വാതക നീരാവി, കാർബൺ ഡൈ ഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ഓസോൺ എന്നിവയാണ്.വ്യാവസായിക വിപ്ലവത്തിന്റെ ആരംഭം മുതൽ (1750 മുതൽ എടുത്ത) മനുഷ്യന്റെ പ്രവർത്തനങ്ങൾ കാർബൺ ഡൈ ഓക്സൈഡിന്റെ അന്തരീക്ഷത്തിൽ 1750 മുതൽ 406 പിപിഎം വരെയുള്ള 2017 തുടക്കത്തിൽ കാർബൺ ഡൈ ഓക്സൈഡിന്റെ 40% വർദ്ധനവ് ഉണ്ടായി. കാർബൺ ചക്രത്തിൽ ഉൾപ്പെടുന്ന വിവിധ പ്രകൃതിദത്ത "സിങ്കുകൾ" ഉദ്വമനത്തിന്റെ ഒരു വലിയ ഭാഗം ഉയർത്തിക്കൊണ്ടെങ്കിലും ഈ വർദ്ധനവ് സംഭവിച്ചു. അന്തരീക്ഷം കാർബൺ ഡൈ ഓക്സൈഡ് (CO2) ഉദ്വമനം (അതായത്, മനുഷ്യ പ്രവർത്തനങ്ങളുടെ ഉദ്വമനങ്ങൾ) ഫോസിൽ ഇന്ധനങ്ങൾ, പ്രധാനമായി കൽക്കരി, എണ്ണ, പ്രകൃതി വാതകം, മണ്ണൊലിപ്പ്, മണ്ണിനൊപ്പം കാർഷിക ജൈവവ്യവസ്ഥ തുടങ്ങിയവ നശിപ്പിക്കുന്നതാണ്.
ഇന്നത്തെ കണക്കനുസരിച്ച് ഗ്രീൻ ഹൌസ് വാതക ഉദ്വമനം ഇപ്പോഴും തുടരുകയാണെങ്കിൽ, ഭൂമിയുടെ ഉപരിതല താപനില 2047 ൽ തന്നെ ചരിത്രപരമായ മൂല്യങ്ങൾ കവിയുകയാണെങ്കിൽ, ലോകവ്യാപകമായി ജൈവവ്യവസ്ഥയും ജൈവവൈവിധ്യവും ജീവജാലങ്ങളും ഉപദ്രവകരമായ പ്രത്യാഘാതങ്ങളുമുണ്ടാകും. നിലവിലെ ഉൽപാദനരീതിയിൽ ഭൂമി 2 ° C ആഗോള തളർച്ചയുടെ പരിധി കടന്നുപോകാൻ സാധ്യതയുണ്ടെന്ന് സമീപകാല കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ IPCC, 2036 ഓടു കൂടി "അപകടകരമായ" ആഗോളതാപനം ഒഴിവാക്കാൻ ഉപരിയായി പരിധി നിശ്ചയിക്കുന്നു.ഹരിതഗൃഹവാതകങ്ങളുടെ ഉയര്‍ന്ന തോതിലുള്ള പുറന്തള്ളലും ആഗോളതാപനവും മറ്റ് മലിനീകരണങ്ങളും മൂലം ഓസോണ്‍ പാളിക്ക് ശോഷണം സംഭവിക്കുകയും അതില്‍ വിള്ളലുകള്‍ ഉണ്ടാവുകയും ചെയ്തുവെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്ന് അത്തരത്തില്‍ ഓസോണ്‍ പാളിയെ ദുര്‍ബലമാക്കുന്ന വാതകങ്ങള്‍ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കുന്നത് തടയുകയും ഓസോണ്‍ പാളി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ലോകത്തിന് മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ ഐക്യരാഷ്ട്ര സഭ 1987 സെപ്റ്റംബര്‍ 16 ന് മോണ്‍ട്രിയല്‍ പ്രോട്ടോക്കോള്‍ ഒപ്പുവച്ചതിന്റെ ഓര്‍മ്മയ്ക്കായാണ് നാം ഈ ദിനം ഓസോണ്‍ ദിനമായി ആചരിക്കുന്നത്. വിപുലമായ വനവല്‍ക്കരണം വഴിയും നൂതനരീതിയിലുള്ള ഊര്‍ജ്ജസംരക്ഷണം ഉറപ്പാക്കിയും രാസവളങ്ങള്‍ക്ക് പകരം ജൈവ വളങ്ങളുടെ ഉപയോഗം പ്രോല്‍സാഹിപ്പിച്ചും പ്രകൃതിസൗഹൃദ സാങ്കേതിക വിദ്യകള്‍ അവലംബിച്ചും വാഹനങ്ങളില്‍ അമിതമായി കാര്‍ബണ്‍ വാതകങ്ങള്‍ ഉണ്ടാകാത്ത രീതിയില്‍ സാങ്കേതിക വിദ്യകള്‍ പരിഷ്‌കരിച്ചും സോളാര്‍ വൈദ്യുതി പോലുള്ള മലിനീകരണമില്ലാത്ത ഊര്‍ജ്ജ സ്രോതസ്സുകളെ കൂടുതല്‍ ഉപയോഗിച്ചും നമുക്ക് ഈ വിപത്തിനെ നേരിടാന്‍ കഴിയും. പരിസ്ഥിതി പ്രശ്‌നങ്ങളില്‍ കേവലം കാഴ്ചക്കാരായി മാറിനില്‍ക്കാതെ അവ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്ക് നാം ഓരോരുത്തരും പങ്കാളികളാകണം. പ്രകൃതിയുടെ വരവാദനമായ അമൂല്യമായ ഓസോണ്‍ കുടയെ സംരക്ഷിക്കാനും ഒപ്പം ഭൂമിയേയും പരിസ്ഥിതിയെയും നശിപ്പിക്കുന്ന എല്ലാ പ്രവര്‍ത്തികളില്‍ നിന്നും മാറിനില്‍ക്കാനും അത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവരെ പിന്തിരിപ്പിക്കാനും ഓസോണ്‍ വിനാശകാരികളായ വസ്തുക്കള്‍ ഒഴിവാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാക്കുന്നതിന് സമ്മര്‍ദ്ദ വിഭാഗമായി പ്രവര്‍ത്തിക്കാനും നമുക്ക് കഴിയണം... അതിലൂടെ ലോകത്തിന് മാതൃകയാവാൻ കഴിയണം .അതിനുള്ള നല്ല നല്ല കാഴ്ചപ്പാടുകളും ചിന്തകളും നമുക്ക് പങ്കുവയ്ക്കാം !!!
Friday, 23 June 2017
പനിക്കാപ്പി എങ്ങനെ ഉണ്ടാക്കാം ?
മലയാളി പണ്ടുമുതലേ പനിക്ക് ഉപയോഗിക്കുന്ന കാപ്പി എങ്ങനെ ഉണ്ടാക്കും?ഇത് അറിയാത്തവർക്കായി ഇതാ .....
കരുപ്പുകട്ടി അഥവാ പനംശർക്കര - 100 ഗ്രാം
കുരുമുളക് ഉണക്ക പൊടി - 25 ഗ്രാം
മല്ലി - 50 ഗ്രാം
ചുക്ക് പൊടി - 2 ടീ സ്പൂൺ
ഉലുവ,ജീരകം - 20 ഗ്രാം വീതം
വെളുത്തുള്ളി - 4 അല്ലി
പിണം പുളി - 3 അല്ലി
ചെറിയഉള്ളി - 3 എണ്ണം
പനിക്കൂർക്ക ഇല - 10 എണ്ണം
ഓണതുമ്പ (വേരോടെ )- 1 ചെടി
കൃഷ്ണതുളസി ഇല - ഒരു പിടി (ചെറിയപിടി)
കാപ്പിപൊടി (ചിക്കറി ചേരാത്തത് ) -2 ടീസ്പൂൺ
ഇതിൽ കാപ്പി പൊടി ഒഴികെയുള്ളവ 6 ഗ്ലാസ് വെള്ളത്തിൽ അടച്ചുതിളപ്പിക്കുക . തിളക്കുമ്പോൾ കാപ്പി പൊടി ചേർക്കാം . തിളച്ചുവറ്റി 3 ഗ്ലാസ് ആകുമ്പോൾ ഇറക്കി ചെറിയ ചൂടോടെ മുക്കാൽ ഗ്ലാസ് കുടിക്കുക. പുതച്ചുമൂടി വിശ്രമിക്കുക .
നന്നായി വിയർത്താൽ നല്ലത് . മൂന്നുനേരം വീതം മൂന്നു ദിവസം ആവർത്തിച്ചാൽ ഒരുവിധമുള്ള എല്ലാപനിയും പമ്പകടക്കും .തിളപ്പിക്കാൻ മൺപാത്രം ആയാൽ നല്ലത് !!!
Tuesday, 20 June 2017
കേരളം പനിക്കിടക്കയിൽ : കാരണം മാലിന്യം തന്നെ
പതിവുപോലെ ഇക്കുറിയും ജൂണിൽ കേരളം പനിച്ചു വിറക്കുന്നു .
ഇത്തവണ മഴയും കുറവ്.എങ്കിലും പനി ,അതിനൊരു കുറവും ഇല്ല.
എന്താണ് ഇതിനു കാരണം .
ചിലർ പറയുംപോലെ ആരോഗ്യ അടിയന്തിരാവസ്ഥ നടപ്പാക്കിയാൽ തീരുന്നതോ മാറുന്നതോ ആണോ ഈ പനി .
നമ്മുടെ ചുറ്റുപാടുകളിലേക്ക് ഒന്ന് കണ്ണോടിച്ചാൽ പനിയുടെ കാരണം അറിയാം
മലയാളിയുടെ ശീലങ്ങൾ മാറിയതോടെ വന്നതാണീപ്പനി .
രണ്ടുനേരം കുളിച്ചു വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഉണ്ടായിരുന്ന മലയാളി അത് മറന്നു.
ഒപ്പം പലതും വന്നു.വീട്ട് ഫുഡിൽ നിന്നും ഫാസ്റ് ഫുഡിലേക്ക് മാറിയ മലയാളി വിളിച്ചു വരുത്തിയതാണ് പല അസുഖങ്ങളും.
മാലിന്യം സംസ്കരിക്കുക സർക്കാരിന്റെ കടമയായി മലയാളി കണ്ടുതുടങ്ങിയതോടെ പരിസരശുചിത്വം ഇല്ലാതെയായി
ഇതിനു ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല .
നാം നമ്മുടെ ശീലങ്ങൾ പഴമയിലേക്ക് തിരിച്ചു കൊണ്ടുപോകണം .
എന്നുമാത്രമേ ആരോഗ്യമുള്ള മലയാളി എന്ന് നമുക്ക് പറയാനാകൂ ...
നാം വരുത്തിയ പനി നമുക്കുതന്നെ പറഞ്ഞു വിടാം ....
പ്രകൃതി സൗഹൃദമായി ജീവിക്കാം...
ആരോഗ്യത്തോടെ ജീവിക്കാം ....
Tuesday, 31 January 2017
ഫെബ്രുവരി 2 ലോകതണ്ണീർത്തട ദിനം
എല്ലാ വർഷവും ഫെബ്രുവരി 2 ലോകതണ്ണീർത്തട ദിനമായി ആചരിച്ചുവരുന്നു.
ദുരന്തങ്ങൾ കുറക്കുക എന്നതാണ് ഈ വർഷത്തെ തണ്ണീർത്തട ദിന സന്ദേശം. തണ്ണീർത്തടങ്ങൾ സംരക്ഷിച്ചില്ലെങ്കിൽ നാം നേരിടേണ്ടിവരുന്നത് വൻദുരന്തം ആയിരിക്കും .
മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി മലയാളിയെ സംബന്ധിച്ചിടത്തോളം ഈ വർഷം മഴ 40 ശതമാനം കുറവ് ആയതിനാൽ കടുത്ത വരൾച്ച ഉണ്ടാകുമോ എന്ന ഭയം മുന്നിലുള്ളപ്പോഴാണ് ഇത്തവണത്തെ തണ്ണീർത്തട ദിനം.അതുകൊണ്ടുതന്നെ ആതലത്തിൽ നാം മാറണം.നമ്മുടെ ചിന്തകൾ മാറണം.
മലയാളിയുടെ തണ്ണീർത്തടങ്ങൾ എന്നും നെൽ വയലുകൾ ആയിരുന്നു.എന്നാൽ ഇന്ന് മലയാളക്കരയിലെ നെൽവയലുകൾ ചിത്രങ്ങൾ മാത്രമായോ എന്ന് ചിന്തിക്കണം .ആരാണ് ഇതിനു ഉത്തരവാദികൾ ?
കേരളത്തിലെ താപനിലയും കിണറുകളിലെ കുടിവെള്ള നിരപ്പും എന്തിന് നമ്മുടെ കാലാവസ്ഥപോലും നിയന്ത്രിക്കുവാൻ നെൽവയലുകൾക്ക് കഴിഞ്ഞിരുന്ന ഒരു കാലം ഉണ്ടായിരുന്നു.അന്ന് നാം അതിൽ അഭിമാനിച്ചിരുന്നു ..ആ അഭിമാനം അഹങ്കാരം ആയതോടെ നമ്മുടെ നെൽ
വയലുകൾ കുറഞ്ഞുതുടങ്ങി.നാം കുടിവെള്ളത്തിനുപോലും നെട്ടോട്ടമോടുന്ന സ്ഥിതിയിലെത്തി ...
എന്നിട്ടും നാം മാറാൻ മടികാണിക്കുന്ന ...
ചിന്തകൾ മാറാതെ മലയാളി നന്നാവില്ല എന്ന് പറയാതെ തരമില്ല.
കുടിവെള്ള സംരക്ഷണവർഷം കൂടിയായ 2017 ലെ തണ്ണീർത്തട ദിനത്തിൽ നമുക്ക് നമ്മുടെ പഴയകാല അഭിമാനത്തിലേക്ക് മടങ്ങാനുള്ള ചിന്ത ഉണ്ടാകട്ടെ ...
പ്രകൃതിയിലേക്ക് മടങ്ങാനുള്ള ചിന്ത ഉണ്ടാകട്ടെ .....
ലോകാ സമസ്താ സുഖിനോ ഭവന്തു:




Monday, 10 October 2016
കിണർ റീചാർജിങ് ഇത്തവണ നിർബന്ധം ആവണം
ലഭ്യമായ കണക്കുകൾ പ്രകാരം കേരളത്തിൽ ഇക്കഴിഞ്ഞ ഇടവപ്പാതിയിൽ ശരാശരി ലഭിക്കാറുള്ളതിൽ നിന്നും 30 മുതൽ 45 ശതമാനം വരെ കുറവ് മഴയാണ് ഇത്തവണ ലഭിച്ചത് . കർക്കിടകമാസം അവസാനം മുതൽ തന്നെ പലയിടത്തും കുടിവെള്ളക്ഷാമം രൂക്ഷമായി. പാറശാല മുതൽ മഞ്ചേശ്വരം വരെ പലയിടത്തും കുടിവെള്ളം കിട്ടാക്കനിയായി . ഭൂഗർഭ ജല ചൂഷണം പതിന്മടങ്ങു കൂടി .
കുഴൽ കിണർ മാഫിയ തന്നെ പലയിടത്തും രംഗം കൈയടക്കി. എന്തിനേറെ പറയുന്നു , നമ്മുടെ പശ്ചിമ ഘട്ടത്തിലെ വനമേഖലകൾ പോലും വറ്റിവരണ്ടു . പലയിടത്തും ഒരു ഫയർ സീസൺ പ്രതീതി .....
ഇതെല്ലാം ഒരു മുന്നറിയിപ്പാണ് ..
വരാൻ പോകുന്ന കുടിവെള്ള ക്ഷാമത്തിന്റെ മുന്നറിയിപ്പ് .....
ഇതിനെ നേരിടാൻ മലയാളി തയ്യാറാണോ ?ആണെങ്കിൽ എങ്ങിനെ ..?
വരുന്ന ഒരുമാസം അതായത് തുലാം മാസം സാമാന്യം കുഴപ്പമില്ലാത്ത നിലയിൽ നമുക്ക് മഴ ലഭിക്കും എന്നാണ് കരുതുന്നത് .
തുലാമഴയിൽ പെയ്തിറങ്ങുന്ന വെള്ളം ഒളിച്ചു കളയാൻ അനുവദിക്കരുത് .
അത് മുഴുവനായിത്തന്നെ ഭൂമിയിലേക്ക് തിരിച്ചുവിടണം .അതെ നമ്മുടെ കിണറുകളും കുളങ്ങളും അതുകൊണ്ടു റീചാർജ് ആകണം .
അതിനുള്ള തയ്യാറെടുപ്പുകൾ ഈ ആഴ്ച തന്നെ പൂർത്തിയാക്കണം ..
ഇക്കാര്യത്തിൽ ഉപേക്ഷ അരുതേ സോദരാ .....എല്ലാവരും സഹകരിക്കുക ....
നാം ഈ സീസണിൽ റീചാർജ് ചെയ്യുന്നത് നമ്മുടെ വരും കാലത്തേക്കുള്ള കുടിവെള്ളമാണ് ....അതെ നമുക്ക് കിണർ റീചാർജിങ്ങിനായി കൈക്കോർക്കാം ....
Saturday, 17 September 2016
യാത്രകൾ അനിയന്ത്രിതം ആകുമ്പോൾ തകരുന്നത് പ്രകൃതി
ഇന്ന് നമുക്ക് ചുറ്റും കാണുന്ന പ്രവണത ഓരോ ആഘോഷങ്ങളും ഓരോ യാത്രകളായി മാറുന്നതാണ് .
അതിൽ മിക്കവാറും യാത്രകൾ വനഭംഗി കാണാൻ എന്ന പേരിലും.....
എന്നാൽ അനുഭവം പഠിപ്പിക്കുന്നത് ഈ യാത്രകളിൽ പലതും വനവും പ്രകൃതിയും നശിപ്പിക്കുന്നവയാണ് എന്നാണ് .
ഓരോ സീസൺ കഴിയുമ്പോഴും ഓരോ ഇക്കോ ടൂറിസം സ്പോട്ടിലും അടിയുന്ന മാലിന്യം അവിടെ ഉൾകൊള്ളാൻ കഴിയുന്നതിലും എത്രയോ അധികമാണ് . ഇത് പലപ്പോഴും മറച്ചുവയ്ക്കുന്നു . ഓരോ ഇക്കോ ടൂറിസം സ്പോട്ടിലെയും വാഹക ശേഷി ( Carrying Capacity) യെക്കാളും പതിന്മടങ്ങുആളുകളെയാണ് അവിടെ ഉൾക്കൊള്ളേണ്ടിവരുന്നത്. പലപ്പോഴും നിയന്ത്രണങ്ങൾ ലംഘിക്കേണ്ടിവരുന്നത് ഉന്നതരായ ടൂറിസ്റ്റുകൾക്ക് വേണ്ടിയാണ് എന്നതാണ് വിരോധാഭാസം .
ഓരോ ടൂറിസ്റ്റും കണ്ടു കഴിഞ്ഞു പോകുമ്പോൾ അവിടെ ഉപേക്ഷിക്കുന്ന മാലിന്യങ്ങൾ എന്തുചെയ്യുന്നു എന്നത് നിഷ്പക്ഷമായി പരിശോധിക്കണം ......
ഇതിനെതിരെ ബോധവൽക്കരണം അനിവാര്യമാണ്.
അല്ലാത്തപക്ഷം ചുരുങ്ങിയ നാളുകൾ കൊണ്ടുതന്നെ നമ്മുടെ ഭാവിയുടെ പ്രകൃതി ഇല്ലാതാകുന്നത് നമുക്ക് കാണേണ്ടിവരും !
ഇക്കോ ടൂറിസം സ്പോട്ടുകളിലെ മറ്റുജീവികൾ സസ്യജാലങ്ങൾ ഉൾപ്പെടെ വരും കാത്തേക്കും കൂടിയുള്ളതാണ്.അതൊന്നും റെഡ് ഡാറ്റ ബുക്കിൽ ഉൾപെടുത്താൻ ഉള്ളതല്ല എന്ന ബോധം ഓരോ യാത്രികനും ഉണ്ടാകണം .
മാലിന്യം തള്ളാനുള്ളതല്ല ഓരോ യാത്രകളും എന്ന് ഓർമിക്കണം ....
പ്രകൃതി അത് നമുക്ക് മാത്രമുള്ളതല്ല എന്ന ബോധം യാത്രകളെ ആഘോഷമാക്കട്ടെ ....
Friday, 1 July 2016
നദീ സംരക്ഷണം പാഠ്യവിഷയം ആക്കണം
Saturday, 4 June 2016
വീണ്ടും ജൂൺ 5
സാമൂഹ്യ നവ മാധ്യമങ്ങൾ സജീവമായതോടെ ദിനാചരണങ്ങൾ ആഘോഷമാവുന്ന കാലമാണിത് . എന്നാൽ ശ്രദ്ധയോടെ ഒന്ന് നോക്കിയാൽ പലതും കാട്ടിക്കൂട്ടലുകൾ മാത്രമാണെന്ന് ബോധ്യമാവും . എങ്കിലും നവമാധ്യമങ്ങൾ വിഷയങ്ങൾ ഉയർത്തികൊണ്ടുവരുന്നതിലും അത് പൊതുസമൂഹം ചർച്ചയാക്കുന്ന കാര്യത്തിലും മുന്നിൽ തന്നെയാണ്. ഇത്തവണ ചെടിനടാൻ തൈ കിട്ടാത്ത അവസ്ഥയാണ് കേരളത്തിൽ എന്നാണ് ലഭ്യമാകുന്ന അന്വേഷണങ്ങളിൽ നിന്നും മനസ്സിലാവുന്നത് . യഥാർത്ഥത്തിൽ തൈ നടുകയെന്ന ചിന്ത മനസ്സിൽ ജൂൺ 4 ന് ഉണ്ടായാൽ പോരാ....
തൈ വെറുതേ ഒരു ദിവസം കൊണ്ട് ഉണ്ടാകില്ലാല്ലോ ? അത് അറിയാത്തവർ വെറുതെ ഫേസ് ബുക്കിലും വാട്സ് ആപ്പിലും ചിത്രമിടാൻ വേണ്ടി മാത്രം തൈ അന്വേഷിച്ചിട്ട് കാര്യമില്ല.അവർ സ്വന്തം ചിത്രം ചർച്ചയാക്കാനുള്ള വേദിയായി ജൂൺ 5 നെ മാറ്റുകയാണ്..
ആ ചിന്താഗതി മാറുമ്പോളാണ് മലയാളി യഥാർത്ഥ പ്രകൃതി സ്നേഹിയാകുന്നത് . പ്രകൃതി സ്നേഹം ജൂൺ 5 നു മാത്രം കാണിക്കുന്നതിനോടും യോജിക്കാനാവില്ല .. പ്രകൃതി സ്നേഹംജീവിതചര്യയായി മാറണം .നാം മലയാളികൾ ഭാരത മക്കൾ എന്ന നിലയിൽ പ്രകൃതി സ്നേഹം ജന്മം കൊണ്ട് സ്വായത്തമാക്കിയവരാണ് .നാം വളർന്നത് ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന് കേട്ടാണ്.. വസുദൈവ കുടുംബകം എന്ന വാക്കിൽ പ്രപഞ്ചത്തിലെ സകലതും നമ്മുടെ കുടുംബാംഗം പോലെയാണ് എന്ന ചിന്ത അടങ്ങിയിരിക്കുന്നു.
യദാർദ്ഥത്തിൽ നാം എന്നാണോ പടിഞ്ഞാറ് നോക്കി അതാണ് വികസനം എന്ന് ചിന്തിച്ചത് അന്നുമുതലാണ് നാം പ്രകൃതിയിൽ നിന്നും അകന്നത് ..
മലയാളിയെ സംബന്ധിച്ച് എല്ലാം വളരെവേഗം മറക്കുന്നവരാണ് .
വേനൽ മറക്കാൻ ഒരു മഴ മതി..
മഴ മറക്കാൻ ഒരു വരണ്ട കാറ്റ് മതി...
പിന്നിട്ട വഴികൾ അനുഭവിച്ച യാതനകൾ എല്ലാം വേഗം മാറക്കുന്ന മലയാളി അനുഭവങ്ങളിൽ നിന്നും ഒന്നും പഠിക്കുന്നില്ല എന്നതാണ് വിചിത്രം ...!
എന്നാലും അഹങ്കാരം കുറക്കാൻ മലയാളിക്കാവില്ല ...
നാം വീണ്ടും അഹങ്കാരികൾ ആകാതിരിക്കാനാണ് ഇത്തരം ദിനാചരണങ്ങൾ നമ്മെ പ്രാപ്തരാക്കേണ്ടത് ..
അതിനുല്ലതാകണം ഓരോ ദിനാചരണവും...
അതിനായി ആദ്യം നമ്മുടെ മനസ്സിനെ പാകമാക്കാം ...
അതിനുള്ള ചെടി മനസ്സിൽ നടാം ..
പ്രകൃതിയോട് ഇണങ്ങി ജീവിക്കാം ....
ഭൂമിയിലെ നിലവിലെ പച്ചപ്പ് കാത്തു സൂക്ഷിക്കാം ....
അതിനായി നമ്മുടെ മനസ്സിനെ ഹരിതാഭമാക്കാം ...
അതിനുള്ളതാവട്ടെ ഈ ജൂൺ 5
Saturday, 7 May 2016
മറക്കാതിരിക്കാം ഭൂമി മാതാവിനെ
ഇന്ന് മെയ് മാസത്തിലെ രണ്ടാം ഞായർ , ലോക മാതൃ ദിനം.
വറ്റിവരണ്ട നാടും പൊള്ളുന്ന ചൂടും ചിലതൊക്കെ നമ്മെ ഓർമിപ്പിച്ചു . പക്ഷെ നാം മലയാളി അല്ലെ ...
ആദ്യ മഴയിൽത്തന്നെ ഇതെല്ലാം മറക്കും ....
ചൂട് കൂടി താങ്ങാവുന്നതിലും അധികമായി ....
എന്താണിതിനു കാരണം ?
കപടതയുടെ മുഖം മൂടി മാറ്റി തിരിഞ്ഞു നോക്കൂ ....
നമുക്ക് കാണാം നാം തന്നെയാണ് ഇതിന് കാരണം എന്ന് ....
മഴുവാൽ സൃഷ്ടിച്ചുവെന്ന് ഐതീഹ്യം പറയുന്ന നമ്മുടെ നാട് മഴുവാൽ തന്നെ നശിക്കുന്നു ...
മഴയിൽ ലഭിക്കുന്ന വെള്ളം ഭൂമിയിൽ താഴാൻ കോൺക്രീറ്റ് അനുവദിക്കുന്നില്ല ...
വയലുകൾ നികത്തി കോൺക്രീറ്റ് സൗധങ്ങൾ പണിതപ്പോൾ നാം ഓർത്തില്ല ഇങ്ങനെ വരും എന്ന് ....
കൂളറും എയർ കണ്ടിഷണരും തല്കാലം നാമ്മെ കാത്തേക്കാം ...
എന്നാൽ അമ്മ നല്കുന്ന സുരക്ഷ നല്കാൻ അവകൊണ്ടും ആവില്ല എന്ന് നാം തിരിച്ചറിയുന്നില്ല .
ഇതുപോലെ ഉള്ള വേളയിൽ ഭക്ഷണവും കൂടി ഇല്ലാതാകുന്ന അവസ്ഥ ആലോചിച്ചു നോക്കൂ ...
ഭയാനകം അല്ലെ ....
പേടിക്കേണ്ട ...!
ഇക്കണക്കിനു പോയാൽ അതും നമുക്ക് അനുഭവിക്കാം ...
ഒപ്പം മരണവും അനുഭവിക്കാം ....
എല്ലാം നാം വരുത്തിയ വിന ....!!
ഭൂമിയെ മാതാവായും ദേവിയായും കണ്ട നാം , ഭൂമിയെ ആരാധിച്ചിരുന്ന നാം എന്തേ ഇങ്ങനെയായി ?
ചിന്തിക്കണം ...
പടിഞ്ഞാറുനോക്കി നാം നടത്തിയ പ്രവർത്തനങ്ങൾ ,വികസനം എന്നാ മേമ്പൊടിയിട്ട പ്രകൃതി നശീകരണങ്ങൾ നമ്മെ എവിടെ എത്തിച്ചുവെന്ന് ചിന്തിക്കുക .....
നമുക്കും നമ്മുടെ ഭാവിക്കും ഇവിടെ ജീവിക്കണം എന്ന് ചിന്തിക്കുക ....
ഭൂമി മാതാവാണെന്ന തിരിച്ചറിവിലേക്ക് മടങ്ങുക ....
ഇനിയും വൈകിയിട്ടില്ല ...
മാതാവ് എല്ലാം ക്ഷമിക്കുന്നവൾ ആണ് ..
അതുകൊണ്ടുതന്നെ നമ്മുടെ തെറ്റുകൾ പൊറുക്കും ....
നമുക്ക് മടങ്ങാം ..
ഭൂമിയിലേക്ക് ...
പ്രകൃതിയിലേക്ക് ......
Thursday, 11 February 2016
ഫ്ലക്സ് വിരുദ്ധ രാഷ്ട്രീയം കാലഘട്ടത്തിന്റെ ആവശ്യം
ഇന്ന് കേരളത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഫ്ലക്സ് പ്രളയം ആണ്. ഊട് വഴികൾ മുതൽ ദേശീയ പാതയുടെ വശങ്ങളിലും നടുവിലെ ഡിവൈനറിലും അടക്കം ഫ്ലക്സ് കാണാം. ചിരിക്കുന്ന നേതാക്കൾ ഫ്ലക്സ് ആയി അവതരിച്ചിരിക്കുന്നു. അതിൽ രാഷ്ട്രീയ പക്ഷപാതിത്വം ഇല്ല.ഇടതും വലതും കാവിയും പച്ചയും എല്ലാം ഫ്ലക്സ് വച്ച് മത്സരിക്കുകയാണ്.ഏകദേശം ലഭ്യമായ വിവരപ്രകാരം ചെറുതും വലുതുമായ ഒരു ഡസണിൽ അധികം കേരള യാത്രകൾ ആണ് ജനുവരി ഫെബ്രുവരി മാസങ്ങളിലായി നടന്നതും നടന്നുകൊണ്ടിരിക്കുന്നതും.ശരാ ശരി ഒരു യാത്ര ഒരുലക്ഷം ഫ്ലക്സ് ബോർഡ് വച്ചതായി കണക്കാക്കിയാൽപോലും ഏകദേശം നാലുകോടിയിൽപരം ചതുരശ്ര അടി ഫ്ലക്സ് ഉപയോഗിക്കുന്നതായി കാണാം. ഒരു ഡസൺ യാത്രകൾ കണക്കാക്കുമ്പോൾ സുമാർ നാല്പത്തിയെട്ട് കോടി ചതുരശ്ര അടി ഫ്ലക്സ് ഉപയോഗിച്ചതായി കരുതാം.അങ്ങനെയെങ്ങിൽ അതിന്റെ ഭാരം നോക്കിയാൽ പത്ത് ചതുരശ്ര അടി ഫ്ലക്സ് ഒരു കിലോഗ്രാം കണക്കാക്കിയാലോ .... ഏകദേശം അഞ്ചു=കോടി കിലോ ഫ്ലക്സ് കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കകം കേരളത്തിൽ മാലിന്യമായി മാറി. അതായത് ഏകദേശം അൻപതിനായിരം ടൺ പ്ലാസ്റിക് മാലിന്യം നമ്മുടെ കൊച്ചു കേരളത്തിൽ നിക്ഷേപിച്ചു. മാറിയ കാലാവസ്ഥ പരിസ്ഥിതി സാഹചര്യങ്ങൾ കണക്കിലെടുക്കതെയുള്ള ഈ പ്രവൃത്തി കൊണ്ട് ദീർഘകാലാടിസ്ഥാനത്തിൽ ദോഷം മാത്രമേയുള്ളൂ...ഇത് മനസ്സിലാക്കാനുള്ള സാമാന്യബോധം നമ്മുടെ രാഷ്ട്രീയ നേതൃത്വം കാണിക്കനമായിരുന്നു. രാഷ്ട്രീയക്കാരുടെ പ്രവൃത്തികൾ ഭാവിക്കും സമൂഹത്തിനും ബാധ്യത ആകാൻ പാടില്ല.അവിടെയാണ് നാം സമൂഹത്തോടുള്ള കടപ്പാട് വെളിവാക്കെണ്ടത് . അതിനാൽ ഫ്ലക്സ് സംസ്കാരം അവസാനിപ്പിക്കാൻ എല്ലാ പൊതുപ്രവർത്തകരും തയാറാകണം .അതിന് പകരം സംവിധാനങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കണം . നാളെയുടെ ഭാവി ശോഭനമാവണം ...ഫ്ലക്സ് ഇല്ലാത്ത കേരളം ഭാരതത്തിന് മാതൃക ആകട്ടെ ....
Wednesday, 3 February 2016
രാഷ്ട്രീയ നേതൃത്വം പാരിസ്ഥിതിക വിവരക്കേടിന് കൂട്ടുനിൽക്കരുത്
കേരളത്തിലെ അവസാനത്തെ പുഴയോരക്കാടുകളാണ്, അതിരപ്പിള്ളി വാഴച്ചാൽ മേഖലയിലുള്ളത്.ചാലക്കുടി പുഴയുടെ തലപ്പത്ത് നിലവിലുള്ള അണക്കെട്ടുകൾക്ക് പുറമേ പുതിയ ഒരു പ്ദധതി കൂടി വരുന്നതോടെ ഈ പുഴയോരക്കാടുകളും വെള്ളച്ചാട്ടം തന്നെയും ഇല്ലാതാകും,
അനന്യമായ ഇത്തരം ആവാസ വ്യവസ്ഥകളെ തകർക്കുന്ന വികസന സങ്കൽപങ്ങളിൽ നിന്നും വ്യതിചലിക്കാൻ നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിനും ബ്യൂറോക്രാറ്റുകൾക്കും കഴിയുന്നില്ല എന്നത് അങ്ങേയറ്റം പരിതാപകരമാണ്.
കാൽ നൂറ്റാണ്ടു മുൻപ് സൈലൻറ് വാലിയിലെ കുന്തിപ്പുഴയിൽ അണകെട്ടാൻ ശ്രമിച്ചപ്പൊഴും, കേരളത്തിലെ കോൺഗ്രസ്സും ഇടതുപക്ഷവും ഒറ്റക്കെട്ടായി അതിനെ അനുകൂലിക്കുകയായിരുന്നുവല്ലോ.. ആശാനും അച്യുതനും പോലുള്ള ചുരുക്കം ചിലർ ഒഴികെ മിക്കവാറും സഖാക്കള്‍ അതിനനുകൂലമായിരുന്നു.ഒടുവിൽ ശ്രീമതി ഇന്ദിരാഗാന്ധിയുടെ ഇടപെടലാണ് പരിസ്ഥിതിക്ക് അനുകൂലമായത്. അതിനെയും ബൗദ്ധികസാഹിത്യം കൊണ്ട് അനുകൂലമായ മലക്കം മറിയലായിരുന്നു സഖാവ് ഈ എം എസിന്റേതടക്കം...
പ്രകൃതി സ്നേഹികളുടെ എതിർപ്പുകളെ മറികടന്ന് ആ പദ്ധതി അന്ന് വന്നിരുന്നൂവെങ്കിൽ, സൈലൻറ് വാലിയിലെ മഴക്കാടുകളുടെ സുപ്രധാനമായ ഒരു ഭാഗം ഇന്ന് വെള്ളത്തിനടിയിൽ ആകുമായിരുന്നു..
സൈലൻറ് വാലി ചുരത്തുന്ന കുന്തിപ്പുഴയാണ്, ഇന്ന് നിളാ നദിയെ നിലനിർത്തുന്നത് എന്നത് വിസ്മരിക്കാവുന്നതല്ല..
വൻകിട അണക്കെട്ടുകൾക്കെതിരെ സംസാരിക്കുമ്പോൾ, ഇടുക്കി അണക്കെട്ടിൻറെ കാര്യം പറഞ്ഞ് പ്രതിരോധിക്കാനാണ് ചിലരുടെ ശ്രമം..
അവരോട് മുൻകൂറായി പറയട്ടേ..
ഇന്നലത്തെ പോലെ വൻകിട അണക്കെട്ടുകൾ ഇനിയുള്ള കാലത്ത് സാധ്യമല്ല..
കാരണം ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവുമെല്ലാം പ്രതിരോധിക്കേണ്ട ഭാരിച്ച ചുമതലയാണ് പുതിയ കാലത്തിനു മുന്നിലുള്ളത്..ഊർജം ആവശ്യമാണ്, ബദൽ മാർഗ്ഗങ്ങൾ തേടുകയാണ് വേണ്ടത്,
ഈ പാരിസ്ഥിതിക വിവേകം എല്ലാ രാഷ്ട്രീയ നേതൃത്വങ്ങൾക്കും ഉണ്ടാകട്ടെ എന്ന് ആശിക്കുന്നു...



















