Pages

Wednesday 2 October 2013

പശ്ചിമഘട്ട സംരക്ഷണവും മാധവഗാട്ഗില്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളും




പശ്ചിമഘട്ട സംരക്ഷണം ഇന്ന് കേരളത്തില്‍ സജീവമായ ചര്‍ച്ചചെയ്യുന്ന ഒന്നായി മാറുകയാണ്.പശ്ചിമഘട്ട സംരക്ഷണം എങ്ങനെ എന്നതിനെ പറ്റി പഠിക്കുവാന്‍ നിയോഗിച്ച ശ്രീ മാധവ് ഗാട്ഗില്‍ അധ്യക്ഷനായ കമ്മറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതുമുതല്‍ അതിനെ എതിര്‍ത്തും അനുകൂലിച്ചും ഇരു ചേരികളിലായി വാഗ്വാതങ്ങള്‍ കേരളം ശ്രവിക്കുകയാണ്.രാഷ്ട്രീയക്കാരും സംഘടിതരായ ജനസമൂഹങ്ങളും പിന്നില്‍ അണിനിരന്നതോടെ  മാധവഗാട്ഗില്‍ ശുപാര്‍ശകള്‍ പഠിക്കാന്‍ ഡോക്ടര്‍ കസ്തൂരി രംഗന്‍ അധ്യക്ഷനായി മറ്റൊരു കമ്മിറ്റി രൂപീകരിക്കുവാന്‍ സര്‍ക്കാര്‍ നീര്‍ബന്ധിതമായി.
ഇന്ന് ഈ രണ്ട് റിപ്പോര്‍ട്ടുകളുംനമുക്ക് മുന്നിലുണ്ട്.എന്നാല്‍ ഇന്ന് കേരളം ചര്‍ച്ചചെയ്യുന്നത് ഇതില്‍ ഒന്നിനെ അനുകൂലിച്ചും മറ്റേതിനെ എതിര്‍ത്തുകൊണ്ടും ആണെന്നത് വേദനാജനകമാണ്.അതുകൊണ്ടുതന്നെ പശ്ചിമഘട്ടത്തിന്റെ  സംരക്ഷണം ചര്‍ച്ചകളില്‍ പിന്നിലേക്ക് മാറുന്നു.അതിനുപിന്നില്‍ വേറെ എന്തെങ്കിലും രഹസ്യ അജണ്ട ഉണ്ടോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു.
എന്തായാലും എന്തിന്റെ പേരിലായാലും പിന്നിലേക്ക് മാറ്റി വയ്ക്കേണ്ട ഒന്നല്ല പശ്ചിമഘട്ടത്തിന്റെ  സംരക്ഷണം. ശ്രീ മാധവ് ഗാട്ഗില്‍ അധ്യക്ഷനായ 14 അംഗ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ കമ്മറ്റി നല്‍കിയ റിപ്പോര്‍ട്ടിലും ശ്രീ കസ്തൂരി രംഗന്‍ അധ്യക്ഷനായ ഹൈ ലെവല്‍ വര്‍ക്കിംഗ് ഗ്രൂപ്പ് നല്‍കിയ റിപ്പോര്‍ട്ടിലും വളരെയേറെ സമാനതകള്‍ കാണുന്നു എന്നകാര്യം തര്‍ക്കങ്ങള്‍ക്കിടയില്‍ മുങ്ങി പോവുകയാണ്.
അതുകൊണ്ടുതന്നെ പരിസ്ഥിതി പ്രവര്‍ത്തകരും സംഘടനകളും പരസ്പരം ചേരി തിരിഞ്ഞ് പഴിചാരുകയും പോരടിക്കുകയും ചെയ്യുന്നതിനുപകരം പശ്ചിമഘട്ടത്തിന്റെ  സംരക്ഷണം ഉറപ്പാക്കുന്നതിന്  രണ്ടു റിപ്പോര്‍ട്ടിലും ഉള്ള  നല്ല നീര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയാണ് വേണ്ടത്.അതിനായി പൊതു സമൂഹത്തെ പശ്ചിമഘട്ടത്തിന്റെ പ്രാധാന്യം പറഞ്ഞ് മനസ്സിലാക്കുക എന്ന ദൗത്യം ആണ് പശ്ചിമ ഘട്ടത്തെ  സ്നേഹിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകരും സംഘടനകളും ചെയ്യേണ്ടത്.