Pages

Monday 10 October 2016

കിണർ റീചാർജിങ് ഇത്തവണ നിർബന്ധം ആവണം




ലഭ്യമായ കണക്കുകൾ പ്രകാരം കേരളത്തിൽ ഇക്കഴിഞ്ഞ ഇടവപ്പാതിയിൽ ശരാശരി ലഭിക്കാറുള്ളതിൽ നിന്നും 30 മുതൽ 45 ശതമാനം വരെ കുറവ് മഴയാണ് ഇത്തവണ ലഭിച്ചത് . കർക്കിടകമാസം അവസാനം മുതൽ തന്നെ പലയിടത്തും കുടിവെള്ളക്ഷാമം രൂക്ഷമായി. പാറശാല മുതൽ മഞ്ചേശ്വരം വരെ പലയിടത്തും കുടിവെള്ളം കിട്ടാക്കനിയായി . ഭൂഗർഭ ജല ചൂഷണം പതിന്മടങ്ങു കൂടി .

കുഴൽ കിണർ മാഫിയ തന്നെ പലയിടത്തും രംഗം കൈയടക്കി. എന്തിനേറെ പറയുന്നു , നമ്മുടെ പശ്ചിമ ഘട്ടത്തിലെ വനമേഖലകൾ പോലും വറ്റിവരണ്ടു . പലയിടത്തും ഒരു ഫയർ സീസൺ പ്രതീതി .....  

ഇതെല്ലാം ഒരു മുന്നറിയിപ്പാണ് ..

വരാൻ പോകുന്ന കുടിവെള്ള ക്ഷാമത്തിന്റെ മുന്നറിയിപ്പ് .....

ഇതിനെ നേരിടാൻ മലയാളി തയ്യാറാണോ ?ആണെങ്കിൽ എങ്ങിനെ ..?

വരുന്ന ഒരുമാസം അതായത് തുലാം മാസം സാമാന്യം കുഴപ്പമില്ലാത്ത നിലയിൽ നമുക്ക് മഴ ലഭിക്കും എന്നാണ് കരുതുന്നത് .

തുലാമഴയിൽ പെയ്തിറങ്ങുന്ന വെള്ളം ഒളിച്ചു കളയാൻ അനുവദിക്കരുത് .

അത് മുഴുവനായിത്തന്നെ ഭൂമിയിലേക്ക് തിരിച്ചുവിടണം .അതെ നമ്മുടെ കിണറുകളും കുളങ്ങളും അതുകൊണ്ടു റീചാർജ് ആകണം .

അതിനുള്ള തയ്യാറെടുപ്പുകൾ ഈ ആഴ്ച തന്നെ പൂർത്തിയാക്കണം ..

ഇക്കാര്യത്തിൽ ഉപേക്ഷ അരുതേ സോദരാ .....എല്ലാവരും സഹകരിക്കുക ....

നാം ഈ സീസണിൽ റീചാർജ് ചെയ്യുന്നത് നമ്മുടെ വരും കാലത്തേക്കുള്ള കുടിവെള്ളമാണ് ....അതെ നമുക്ക് കിണർ റീചാർജിങ്ങിനായി കൈക്കോർക്കാം ....



Saturday 17 September 2016

യാത്രകൾ അനിയന്ത്രിതം ആകുമ്പോൾ തകരുന്നത് പ്രകൃതി

ഇന്ന് നമുക്ക് ചുറ്റും കാണുന്ന പ്രവണത ഓരോ ആഘോഷങ്ങളും ഓരോ യാത്രകളായി മാറുന്നതാണ് . 

അതിൽ മിക്കവാറും യാത്രകൾ വനഭംഗി കാണാൻ എന്ന പേരിലും.....

എന്നാൽ അനുഭവം പഠിപ്പിക്കുന്നത് ഈ യാത്രകളിൽ പലതും വനവും പ്രകൃതിയും നശിപ്പിക്കുന്നവയാണ് എന്നാണ് .

ഓരോ സീസൺ കഴിയുമ്പോഴും ഓരോ ഇക്കോ ടൂറിസം സ്പോട്ടിലും അടിയുന്ന മാലിന്യം അവിടെ ഉൾകൊള്ളാൻ കഴിയുന്നതിലും എത്രയോ അധികമാണ് . ഇത് പലപ്പോഴും മറച്ചുവയ്ക്കുന്നു . ഓരോ ഇക്കോ ടൂറിസം സ്പോട്ടിലെയും വാഹക ശേഷി ( Carrying Capacity) യെക്കാളും പതിന്മടങ്ങുആളുകളെയാണ് അവിടെ ഉൾക്കൊള്ളേണ്ടിവരുന്നത്. പലപ്പോഴും നിയന്ത്രണങ്ങൾ ലംഘിക്കേണ്ടിവരുന്നത് ഉന്നതരായ ടൂറിസ്റ്റുകൾക്ക് വേണ്ടിയാണ് എന്നതാണ് വിരോധാഭാസം .

ഓരോ ടൂറിസ്റ്റും കണ്ടു കഴിഞ്ഞു പോകുമ്പോൾ അവിടെ ഉപേക്ഷിക്കുന്ന മാലിന്യങ്ങൾ എന്തുചെയ്യുന്നു എന്നത് നിഷ്പക്ഷമായി പരിശോധിക്കണം ...... 

ഇതിനെതിരെ ബോധവൽക്കരണം അനിവാര്യമാണ്.

അല്ലാത്തപക്ഷം ചുരുങ്ങിയ നാളുകൾ കൊണ്ടുതന്നെ നമ്മുടെ ഭാവിയുടെ പ്രകൃതി ഇല്ലാതാകുന്നത് നമുക്ക് കാണേണ്ടിവരും  !

ഇക്കോ ടൂറിസം സ്പോട്ടുകളിലെ മറ്റുജീവികൾ സസ്യജാലങ്ങൾ ഉൾപ്പെടെ വരും കാത്തേക്കും കൂടിയുള്ളതാണ്.അതൊന്നും റെഡ് ഡാറ്റ ബുക്കിൽ ഉൾപെടുത്താൻ ഉള്ളതല്ല എന്ന ബോധം ഓരോ യാത്രികനും ഉണ്ടാകണം .

മാലിന്യം തള്ളാനുള്ളതല്ല ഓരോ യാത്രകളും എന്ന് ഓർമിക്കണം ....

പ്രകൃതി അത് നമുക്ക് മാത്രമുള്ളതല്ല എന്ന ബോധം യാത്രകളെ ആഘോഷമാക്കട്ടെ ....




Friday 1 July 2016

നദീ സംരക്ഷണം പാഠ്യവിഷയം ആക്കണം



കേരളത്തിലെ സ്‌കൂളുകളിൽ ഹൈ സ്‌കൂൾ തലത്തിൽ നദീ സംരക്ഷണം പാഠ്യവിഷയം ആക്കണം .ഇന്ന് കേരളത്തിലെ നദികൾ മാലിന്യം ഒഴുക്കി കളയുന്നതിനുള്ള അഴുക്കുചാലായി മാറിയിരിക്കുന്നു.ഇതിനു കാരണം നാം നദിയിൽ നിന്നും അകന്നു എന്നതാണ്. നദിയിലെ കുളി മലയാളി അവസാനിപ്പിച്ചു . നദീ തീരങ്ങളിലാണ് ലോകസംസ്കാരങ്ങൾ ഉടലെടുത്തത് എന്നതും നാം മറന്നു.പഠനം എന്നത് കാണാപാഠം പഠിക്കലായി മാറി . മഴക്കാലത്തുമാത്രം വെള്ളം കുത്തിയൊലിച്ചു പോകുന്ന കടലിലേക്കുള്ള വഴിയല്ല നദികൾ എന്നത് പുതുതലമുറ അറിയണം .നദികൾ പ്രകൃതിയുടെ ജീവനാഡികളാണ് .അതിന്റെ തളർച്ച പ്രകൃതിയുടെ മരണത്തിലേക്കുള്ള കാൽവെപ്പുകളാണ് .അതു നമ്മുടെ സമൂഹത്തിന്റെ നാശത്തിന്റെ തുടക്കമാണ്.അതു നമ്മുടെ നാശമാണ്. അതിനാൽ നദീസംരക്ഷണം സമൂഹത്തിന്റെ ധർമമാണ് .
അതിവിടെ പഠനഭാഗം ആകണം


അതിനുള്ള പ്രവർത്തനങ്ങൾ ഈ നദീസംരക്ഷണ വർഷത്തിൽ നടത്തുവാൻ മുഴുവൻ പ്രകൃതിസ്നേഹികളും തയ്യാറാവണം . അതിനുകൂടിയാണ് മാ പ്രിഥ് വി സൊസൈറ്റി ൨൦൧൬ (2016) വർഷം നദീസംരക്ഷണ വർഷം ആയി ആചരിക്കുന്നത് .നദികളുടെ സംരക്ഷണത്തിനുള്ള ബോധവത്കരണം കൂടി ലക്ഷ്യമിട്ടാണ് നാം മുന്നോട്ട് പോകുന്നത് .അതിനുള്ള സഹരണവും സഹായവും എല്ലാവരിലുംനിന്ന് ഉണ്ടാകണം ..

Saturday 4 June 2016

വീണ്ടും ജൂൺ 5





സാമൂഹ്യ നവ മാധ്യമങ്ങൾ സജീവമായതോടെ ദിനാചരണങ്ങൾ ആഘോഷമാവുന്ന കാലമാണിത് . എന്നാൽ ശ്രദ്ധയോടെ ഒന്ന് നോക്കിയാൽ പലതും കാട്ടിക്കൂട്ടലുകൾ മാത്രമാണെന്ന് ബോധ്യമാവും . എങ്കിലും നവമാധ്യമങ്ങൾ വിഷയങ്ങൾ ഉയർത്തികൊണ്ടുവരുന്നതിലും അത് പൊതുസമൂഹം ചർച്ചയാക്കുന്ന കാര്യത്തിലും മുന്നിൽ തന്നെയാണ്. ഇത്തവണ ചെടിനടാൻ തൈ കിട്ടാത്ത അവസ്ഥയാണ് കേരളത്തിൽ എന്നാണ് ലഭ്യമാകുന്ന അന്വേഷണങ്ങളിൽ നിന്നും മനസ്സിലാവുന്നത് . യഥാർത്ഥത്തിൽ തൈ നടുകയെന്ന ചിന്ത മനസ്സിൽ ജൂൺ 4 ന് ഉണ്ടായാൽ പോരാ....

തൈ വെറുതേ ഒരു ദിവസം കൊണ്ട് ഉണ്ടാകില്ലാല്ലോ ? അത് അറിയാത്തവർ വെറുതെ ഫേസ് ബുക്കിലും വാട്സ് ആപ്പിലും ചിത്രമിടാൻ വേണ്ടി മാത്രം തൈ അന്വേഷിച്ചിട്ട് കാര്യമില്ല.അവർ സ്വന്തം ചിത്രം ചർച്ചയാക്കാനുള്ള വേദിയായി ജൂൺ 5 നെ മാറ്റുകയാണ്..

ആ ചിന്താഗതി മാറുമ്പോളാണ് മലയാളി യഥാർത്ഥ പ്രകൃതി സ്നേഹിയാകുന്നത് . പ്രകൃതി സ്നേഹം ജൂൺ 5 നു മാത്രം കാണിക്കുന്നതിനോടും യോജിക്കാനാവില്ല .. പ്രകൃതി സ്നേഹംജീവിതചര്യയായി മാറണം .നാം മലയാളികൾ ഭാരത മക്കൾ എന്ന നിലയിൽ പ്രകൃതി സ്നേഹം ജന്മം കൊണ്ട് സ്വായത്തമാക്കിയവരാണ് .നാം വളർന്നത്‌ ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന് കേട്ടാണ്.. വസുദൈവ കുടുംബകം എന്ന വാക്കിൽ പ്രപഞ്ചത്തിലെ സകലതും നമ്മുടെ കുടുംബാംഗം പോലെയാണ്‌ എന്ന ചിന്ത അടങ്ങിയിരിക്കുന്നു.

യദാർദ്ഥത്തിൽ നാം എന്നാണോ പടിഞ്ഞാറ് നോക്കി അതാണ്‌ വികസനം എന്ന് ചിന്തിച്ചത് അന്നുമുതലാണ് നാം പ്രകൃതിയിൽ നിന്നും അകന്നത് ..

മലയാളിയെ സംബന്ധിച്ച് എല്ലാം വളരെവേഗം മറക്കുന്നവരാണ് .

വേനൽ മറക്കാൻ ഒരു മഴ മതി..

മഴ മറക്കാൻ ഒരു വരണ്ട കാറ്റ് മതി...

പിന്നിട്ട വഴികൾ അനുഭവിച്ച യാതനകൾ എല്ലാം വേഗം മാറക്കുന്ന മലയാളി അനുഭവങ്ങളിൽ നിന്നും ഒന്നും പഠിക്കുന്നില്ല എന്നതാണ് വിചിത്രം ...!

എന്നാലും അഹങ്കാരം കുറക്കാൻ മലയാളിക്കാവില്ല ...

നാം വീണ്ടും അഹങ്കാരികൾ ആകാതിരിക്കാനാണ് ഇത്തരം ദിനാചരണങ്ങൾ നമ്മെ പ്രാപ്തരാക്കേണ്ടത് ..

അതിനുല്ലതാകണം ഓരോ ദിനാചരണവും...

അതിനായി ആദ്യം നമ്മുടെ മനസ്സിനെ പാകമാക്കാം ...

അതിനുള്ള ചെടി മനസ്സിൽ നടാം ..

പ്രകൃതിയോട് ഇണങ്ങി ജീവിക്കാം ....

ഭൂമിയിലെ നിലവിലെ പച്ചപ്പ്‌ കാത്തു സൂക്ഷിക്കാം ....

അതിനായി നമ്മുടെ മനസ്സിനെ ഹരിതാഭമാക്കാം ...

അതിനുള്ളതാവട്ടെ ഈ ജൂൺ 5 

 

 

 

 


Saturday 7 May 2016

മറക്കാതിരിക്കാം ഭൂമി മാതാവിനെ

ഇന്ന് മെയ്‌ മാസത്തിലെ രണ്ടാം ഞായർ , ലോക മാതൃ ദിനം.
വറ്റിവരണ്ട നാടും പൊള്ളുന്ന ചൂടും ചിലതൊക്കെ നമ്മെ ഓർമിപ്പിച്ചു . പക്ഷെ നാം മലയാളി അല്ലെ ...
ആദ്യ മഴയിൽത്തന്നെ ഇതെല്ലാം മറക്കും ....
ചൂട് കൂടി താങ്ങാവുന്നതിലും അധികമായി ....
എന്താണിതിനു കാരണം ?
കപടതയുടെ മുഖം മൂടി മാറ്റി തിരിഞ്ഞു നോക്കൂ ....
നമുക്ക് കാണാം നാം തന്നെയാണ് ഇതിന് കാരണം എന്ന് ....
മഴുവാൽ സൃഷ്ടിച്ചുവെന്ന് ഐതീഹ്യം പറയുന്ന നമ്മുടെ നാട് മഴുവാൽ തന്നെ നശിക്കുന്നു ...
മഴയിൽ ലഭിക്കുന്ന വെള്ളം ഭൂമിയിൽ താഴാൻ കോൺക്രീറ്റ് അനുവദിക്കുന്നില്ല ...
വയലുകൾ നികത്തി കോൺക്രീറ്റ് സൗധങ്ങൾ പണിതപ്പോൾ നാം ഓർത്തില്ല ഇങ്ങനെ വരും എന്ന് ....
കൂളറും എയർ കണ്ടിഷണരും തല്കാലം നാമ്മെ കാത്തേക്കാം ...
എന്നാൽ അമ്മ നല്കുന്ന സുരക്ഷ നല്കാൻ അവകൊണ്ടും ആവില്ല എന്ന് നാം തിരിച്ചറിയുന്നില്ല .
ഇതുപോലെ ഉള്ള വേളയിൽ ഭക്ഷണവും കൂടി ഇല്ലാതാകുന്ന അവസ്ഥ ആലോചിച്ചു നോക്കൂ ...
ഭയാനകം അല്ലെ ....
പേടിക്കേണ്ട ...!
ഇക്കണക്കിനു പോയാൽ അതും നമുക്ക് അനുഭവിക്കാം ...
ഒപ്പം മരണവും അനുഭവിക്കാം ....
എല്ലാം നാം വരുത്തിയ വിന ....!!
ഭൂമിയെ മാതാവായും ദേവിയായും കണ്ട നാം , ഭൂമിയെ ആരാധിച്ചിരുന്ന നാം എന്തേ ഇങ്ങനെയായി ?
ചിന്തിക്കണം ...
പടിഞ്ഞാറുനോക്കി നാം നടത്തിയ പ്രവർത്തനങ്ങൾ ,വികസനം എന്നാ മേമ്പൊടിയിട്ട പ്രകൃതി നശീകരണങ്ങൾ നമ്മെ എവിടെ എത്തിച്ചുവെന്ന് ചിന്തിക്കുക .....
നമുക്കും നമ്മുടെ ഭാവിക്കും ഇവിടെ ജീവിക്കണം എന്ന് ചിന്തിക്കുക ....
ഭൂമി മാതാവാണെന്ന തിരിച്ചറിവിലേക്ക് മടങ്ങുക ....
ഇനിയും വൈകിയിട്ടില്ല ...
മാതാവ് എല്ലാം ക്ഷമിക്കുന്നവൾ ആണ് ..
അതുകൊണ്ടുതന്നെ നമ്മുടെ തെറ്റുകൾ പൊറുക്കും ....
നമുക്ക് മടങ്ങാം ..
ഭൂമിയിലേക്ക് ...
പ്രകൃതിയിലേക്ക് ......






Thursday 11 February 2016

ഫ്ലക്സ് വിരുദ്ധ രാഷ്ട്രീയം കാലഘട്ടത്തിന്റെ ആവശ്യം

ഇന്ന് കേരളത്തിൽ കാസർഗോഡ്‌ മുതൽ തിരുവനന്തപുരം വരെ ഫ്ലക്സ് പ്രളയം ആണ്. ഊട് വഴികൾ മുതൽ ദേശീയ പാതയുടെ വശങ്ങളിലും നടുവിലെ ഡിവൈനറിലും അടക്കം ഫ്ലക്സ് കാണാം. ചിരിക്കുന്ന നേതാക്കൾ ഫ്ലക്സ് ആയി അവതരിച്ചിരിക്കുന്നു. അതിൽ രാഷ്ട്രീയ പക്ഷപാതിത്വം ഇല്ല.ഇടതും വലതും കാവിയും പച്ചയും എല്ലാം ഫ്ലക്സ് വച്ച് മത്സരിക്കുകയാണ്.ഏകദേശം ലഭ്യമായ വിവരപ്രകാരം ചെറുതും വലുതുമായ ഒരു ഡസണിൽ അധികം കേരള യാത്രകൾ ആണ് ജനുവരി ഫെബ്രുവരി മാസങ്ങളിലായി നടന്നതും നടന്നുകൊണ്ടിരിക്കുന്നതും.ശരാശരി ഒരു യാത്ര ഒരുലക്ഷം ഫ്ലക്സ് ബോർഡ് വച്ചതായി കണക്കാക്കിയാൽപോലും ഏകദേശം നാലുകോടിയിൽപരം ചതുരശ്ര അടി ഫ്ലക്സ് ഉപയോഗിക്കുന്നതായി കാണാം. ഒരു ഡസൺ യാത്രകൾ കണക്കാക്കുമ്പോൾ സുമാർ നാല്പത്തിയെട്ട് കോടി ചതുരശ്ര അടി ഫ്ലക്സ് ഉപയോഗിച്ചതായി കരുതാം.അങ്ങനെയെങ്ങിൽ അതിന്റെ ഭാരം നോക്കിയാൽ പത്ത്  ചതുരശ്ര അടി ഫ്ലക്സ് ഒരു കിലോഗ്രാം കണക്കാക്കിയാലോ .... ഏകദേശം അഞ്ചു=കോടി കിലോ ഫ്ലക്സ് കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കകം കേരളത്തിൽ മാലിന്യമായി മാറി. അതായത് ഏകദേശം അൻപതിനായിരം ടൺ പ്ലാസ്റിക് മാലിന്യം നമ്മുടെ കൊച്ചു കേരളത്തിൽ നിക്ഷേപിച്ചു.  മാറിയ കാലാവസ്ഥ പരിസ്ഥിതി സാഹചര്യങ്ങൾ കണക്കിലെടുക്കതെയുള്ള ഈ പ്രവൃത്തി കൊണ്ട് ദീർഘകാലാടിസ്ഥാനത്തിൽ ദോഷം മാത്രമേയുള്ളൂ...ഇത് മനസ്സിലാക്കാനുള്ള സാമാന്യബോധം നമ്മുടെ രാഷ്ട്രീയ നേതൃത്വം കാണിക്കനമായിരുന്നു. രാഷ്ട്രീയക്കാരുടെ പ്രവൃത്തികൾ ഭാവിക്കും സമൂഹത്തിനും ബാധ്യത ആകാൻ പാടില്ല.അവിടെയാണ് നാം സമൂഹത്തോടുള്ള കടപ്പാട് വെളിവാക്കെണ്ടത് .       അതിനാൽ ഫ്ലക്സ് സംസ്കാരം അവസാനിപ്പിക്കാൻ എല്ലാ പൊതുപ്രവർത്തകരും തയാറാകണം .അതിന്  പകരം സംവിധാനങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കണം . നാളെയുടെ ഭാവി ശോഭനമാവണം ...ഫ്ലക്സ് ഇല്ലാത്ത കേരളം ഭാരതത്തിന്‌ മാതൃക ആകട്ടെ ....




Wednesday 3 February 2016

രാഷ്ട്രീയ നേതൃത്വം പാരിസ്ഥിതിക വിവരക്കേടിന് കൂട്ടുനിൽക്കരുത്

കേരളത്തിലെ അവസാനത്തെ പുഴയോരക്കാടുകളാണ്, അതിരപ്പിള്ളി വാഴച്ചാൽ മേഖലയിലുള്ളത്.ചാലക്കുടി പുഴയുടെ തലപ്പത്ത് നിലവിലുള്ള അണക്കെട്ടുകൾക്ക് പുറമേ പുതിയ ഒരു പ്ദധതി കൂടി വരുന്നതോടെ ഈ പുഴയോരക്കാടുകളും വെള്ളച്ചാട്ടം തന്നെയും ഇല്ലാതാകും,
അനന്യമായ ഇത്തരം ആവാസ വ്യവസ്ഥകളെ തകർക്കുന്ന വികസന സങ്കൽപങ്ങളിൽ നിന്നും വ്യതിചലിക്കാൻ നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിനും ബ്യൂറോക്രാറ്റുകൾക്കും കഴിയുന്നില്ല എന്നത് അങ്ങേയറ്റം പരിതാപകരമാണ്.
കാൽ നൂറ്റാണ്ടു മുൻപ് സൈലൻറ് വാലിയിലെ കുന്തിപ്പുഴയിൽ അണകെട്ടാൻ ശ്രമിച്ചപ്പൊഴും, കേരളത്തിലെ കോൺഗ്രസ്സും ഇടതുപക്ഷവും ഒറ്റക്കെട്ടായി അതിനെ അനുകൂലിക്കുകയായിരുന്നുവല്ലോ.. ആശാനും അച്യുതനും പോലുള്ള ചുരുക്കം ചിലർ ഒഴികെ മിക്കവാറും സഖാക്കള്‍ അതിനനുകൂലമായിരുന്നു.ഒടുവിൽ ശ്രീമതി ഇന്ദിരാഗാന്ധിയുടെ ഇടപെടലാണ് പരിസ്ഥിതിക്ക് അനുകൂലമായത്. അതിനെയും ബൗദ്ധികസാഹിത്യം കൊണ്ട് അനുകൂലമായ മലക്കം മറിയലായിരുന്നു സഖാവ് ഈ എം എസിന്റേതടക്കം...
പ്രകൃതി സ്നേഹികളുടെ എതിർപ്പുകളെ മറികടന്ന് ആ പദ്ധതി അന്ന് വന്നിരുന്നൂവെങ്കിൽ, സൈലൻറ് വാലിയിലെ മഴക്കാടുകളുടെ സുപ്രധാനമായ ഒരു ഭാഗം ഇന്ന് വെള്ളത്തിനടിയിൽ ആകുമായിരുന്നു..
സൈലൻറ് വാലി ചുരത്തുന്ന കുന്തിപ്പുഴയാണ്, ഇന്ന് നിളാ നദിയെ നിലനിർത്തുന്നത് എന്നത് വിസ്മരിക്കാവുന്നതല്ല..
വൻകിട അണക്കെട്ടുകൾക്കെതിരെ സംസാരിക്കുമ്പോൾ, ഇടുക്കി അണക്കെട്ടിൻറെ കാര്യം പറഞ്ഞ് പ്രതിരോധിക്കാനാണ് ചിലരുടെ ശ്രമം..
അവരോട് മുൻകൂറായി പറയട്ടേ..
ഇന്നലത്തെ പോലെ വൻകിട അണക്കെട്ടുകൾ ഇനിയുള്ള കാലത്ത് സാധ്യമല്ല..
കാരണം ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവുമെല്ലാം പ്രതിരോധിക്കേണ്ട ഭാരിച്ച ചുമതലയാണ് പുതിയ കാലത്തിനു മുന്നിലുള്ളത്..ഊർജം ആവശ്യമാണ്, ബദൽ മാർഗ്ഗങ്ങൾ തേടുകയാണ് വേണ്ടത്,
ഈ പാരിസ്ഥിതിക വിവേകം എല്ലാ രാഷ്ട്രീയ നേതൃത്വങ്ങൾക്കും ഉണ്ടാകട്ടെ എന്ന് ആശിക്കുന്നു...