Pages

Wednesday, 13 December 2017

നാട്ടറിവുകൾ അന്യമാവുമ്പോൾ

നാട്ടറിവുകൾ ഒരു നാടിന്റെ നിൽപ്പാണ് എന്ന് കരുതിവന്നിരുന്ന കാലം മാറുകയാണ്.നാട്ടറിവുകൾ ഒരു സംസ്കാരത്തിന്റെ ഭാഗമായിട്ടാണ് കരുതി വന്നിരുന്നത്. അത് പലപ്പോഴും ജീവിതചര്യയുടെ ഭാഗം ആയിരുന്നുതാനും.അനുഭവത്തിലൂടെയും കണ്ടും കേട്ടും അറിഞ്ഞും തലമുറകളിൽ നിന്നും തലമുറകളിലേക്ക് കൈമാറിവന്നിരുന്നതാണ് നാട്ടറിവുകൾ .അതുകൊണ്ടുതന്നെ അതിന് പലപ്പോഴും ഒരു ലിഖിത രൂപമോ ആധികാരിക രേഖയോ ഉണ്ടായിക്കൊള്ളണമെന്നും ഇല്ല. കാലത്തിന്റെ കുത്തൊഴുക്കിൽ , ഉപഭോഗസംസ്കാരത്തിന്റെ തള്ളിക്കയറ്റത്തിൽ , അതെല്ലാം കൈമോശം വരുന്നു എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത് . 


നഗരവത്കരണത്തിന്റെ വേഗത കൂടിയതോടെ ഗ്രാമങ്ങൾ ഇല്ലാതായ നമ്മുടെ കേരളത്തിൽ ഇല്ലാതായ ഗ്രാമങ്ങൾക്കൊപ്പം ഇല്ലാതായത് നമ്മുടെ ഗ്രാമങ്ങളിലെ നാട്ടറിവുകൾ കൂടിയാണ്. അപ്പോഴും ചെറിയതെങ്കിലും ഒരു  മങ്ങിയതെങ്കിലും ഒരു ചെറിയ വെളിച്ചമായി കാട്ടിലെ നാട്ടറിവുകൾ നിലനിന്നിരുന്നു . വനവാസി സമൂഹം അവരുടെ സ്വന്തമായ നാട്ടറിവുകൾ ഉപയോഗിച്ചിരുന്നത് അവരുടെ നിലനില്പിനുവേണ്ടി കൂടിയായിരുന്നു .എന്നാൽ ഏറ്റവും പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നത് വനവാസി സമൂഹത്തിലെ നാട്ടറിവുകളും അന്യം നിന്ന് തുടങ്ങി എന്നാണ്. അവർക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഔഷധ സസ്യങ്ങളുടെ പ്രയോഗം, കൃഷിയിടങ്ങളിലെ കീടനശീകരണം , വിഷ വൈദ്യം, കാട്ടുകിഴങ്ങുകളും കൂണുകളും ഭക്ഷണമാക്കൽ , വനവാസി കലകൾ , മന്ത്രവാദം തുടങ്ങി അവരുടെ ആചാര രീതികൾ വരെ അന്യം നിന്നു . ഇതുവഴി ഉണ്ടാകുന്ന നഷ്ടം പരിഹരിക്കുകയോ തിരിച്ചുപിടിക്കുകയോ ചെയ്യുന്നത് അസാധ്യം ആണ്. എങ്കിലും അവശേഷിക്കുന്ന നാട്ടറിവുകൾ എങ്കിലും സംരക്ഷിക്കുന്നതിനുള്ള നടപടി ഉണ്ടാകുന്നത് നമ്മുടെ നാളെയിലേക്കുള്ള യാത്ര സുഗമമാക്കുവാൻ സഹായകമാകും 




Tuesday, 3 October 2017

കാടിറങ്ങുന്ന കാട്ടാനകള്‍ : കാരണം തേടി ഒരന്വേഷണം

കാടിറങ്ങുന്ന കാട്ടാനകള്‍ :

കാട്ടാനകള്‍ കാടിറങ്ങുന്നതിനുള്ള കാരണം കുടിവെള്ള ദൗര്‍ലഭ്യമോ ആഹാരമില്ലായ്മയോ അല്ല എന്നാണ് മനസ്സിലാവുന്നത്. ഇതാണ് കാരണമെങ്കില്‍ മഴക്കാലത്ത് കാട്ടാനകളുടെ കാടിറക്കം ഉണ്ടാവുമായിരുന്നില്ല.
വനത്തിനുള്ളിലെ മാനുഷിക ഇടപെടലുകള്‍ ആണ് കാരണമെന്നും ഒരുകൂട്ടര്‍ പറഞ്ഞുപരത്തി. അതിനെപറ്റി ശുദ്ധ അസംബന്ധം എന്നേ പറയാനുള്ളൂ. കാരണം ഇക്കൂട്ടര്‍ പ്രചരിപ്പിച്ചത് വനത്തിനുള്ളില്‍ നായാട്ടുസംഘങ്ങളും കഞ്ചാവുകൃഷിക്കാരും നടത്തുന്ന ഇടപെടലുകളാണ് കാട്ടാനകള്‍ നാട്ടിലിറങ്ങുന്നതിന് കാരണം എന്നാണ്. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി ഇത്തരം ഇടപെടലുകള്‍ തീരെ ഇല്ലാതായി  എന്നതാണ് വാസ്തവം. വളരെ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന വലിയൊരുവിഭാഗം വനപാലകരുടെ അദ്ധ്വാനത്തിന്റെ ഫലമായി നായാട്ടും കാട്ടിലെ കഞ്ചാവുകൃഷിയും ഏറെക്കുറെ ഇല്ലാതായി എന്ന സത്യം കാണാതെ പോയിക്കൂടാ ...

പിന്നെ എന്താവും കാട്ടാനകള്‍ നാട്ടിലിറങ്ങുന്നതിനുകാരണം ?
നാം നടത്തിയ അന്വേഷണം കൊണ്ട്ചെന്നത്തിച്ചത് മറ്റ് ചില കാരണങ്ങളിലേക്കാണ് ...
ഈ സഹസ്രാബ്ദത്തിന്റെ ആദ്യ നാളുകളില്‍ നമ്മുടെ കാടുകളില്‍ ഒരു കൊമ്പനെ കണ്ടുകിട്ടുകപോലും പ്രയാസമായിരുന്നു ! കഴിഞ്ഞ പത്തിരുപത് വര്‍ഷംകൊണ്ട് കാട്ടാനകളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ദ്ധന ഏവരേയും അത്ഭുതപ്പെടുത്തും.. അതിനുകാരണം വന്യജീവി സംരക്ഷണ നിയമവും അത് ശക്തമായി ഉപയോഗിക്കാന്‍ തയ്യാറുള്ള വനം വകുപ്പിന്റെ ഇച്ഛാശക്തിയുമാണ്. കൂടാതെ ഇക്കാര്യത്തില്‍ മാദ്ധ്യമങ്ങളും പ്രകൃതിസ്നേഹികളും വഹിക്കുന്ന പങ്കും വളരെ വലുതാണ് . ഇന്ന് വാഹകശേഷിയെക്കാള്‍ പലയിടത്തും വന്യജീവികള്‍ പ്രത്യേകിച്ച് കാട്ടാനകള്‍ വര്‍ദ്ധിച്ചിട്ടുണ്ട് എങ്കിലും അത് കാടിറങ്ങാന്‍ കാരണമായിട്ടുണ്ടോ എന്ന് പ്രത്യേകം പരിശോധിക്കേണ്ടിയിരിക്കുന്നു.
മറ്റൊന്ന് കാട്ടാനകളുടെ സ്വഭാവത്തില്‍ ഈയടുത്തായി കണ്ടുവരുന്നമാറ്റമാണ്. മുമ്പ് ആനക്കൂട്ടങ്ങളില്‍ നിന്നും തെറ്റിയ ഒറ്റയാനോ മോഴയോ മാത്രമാണ് കാടിറങ്ങിയിരുന്നത്. എന്നാലിന്ന് പലയിടത്തും ആനകള്‍ പല ഗ്യാംഗുകളായി (സംഘങ്ങള്‍) തിരിച്ച് ടെറിട്ടറികള്‍ തിരിക്കുന്നുവോ എന്നനിലയില്‍ ചിലയിടത്തെങ്കിലും കാണുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ ശേഷികുറഞ്ഞ സംഘങ്ങള്‍ കാടിറങ്ങി നാട്ടില്‍ കറങ്ങാനുള്ള സാധ്യത കാണുന്നുണ്ട് . ഇതിന് കാലാവസ്ഥയിലുണ്ടായ വ്യതിയാനമോ ജനിതകമായ മാറ്റമോ കാരണമായിട്ടുണ്ടാവാം.

മറ്റൊരു പ്രധാന കാരണമായി തോന്നിയിട്ടുള്ളത് വനമേഖലയോട് ചേര്‍ന്നുള്ള കൃഷിയിടങ്ങളിലുണ്ടായ കൃഷിമാറ്റമാണ്.

എന്തായാലും ഇത് സംബന്ധിച്ച് കൂടുതല്‍ പഠനം അനിവാര്യമാണ്.




Sunday, 17 September 2017

ഗ്രീൻ പ്രോട്ടോകോൾ അഥവാ പച്ചചിട്ടയിൽ തൃക്കണ്ണാപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം

ക്ഷേത്രങ്ങളും ആരാധനാകേന്ദ്രങ്ങളും  ആത്മീയ കേന്ദ്രങ്ങളാണ്.എന്നാൽ ഇന്ന് അനവധി ഭക്തർ എത്തുന്ന ക്ഷേത്രങ്ങൾ പലതും മാലിന്യം കൊണ്ട് ഭക്തിയെ മൂടുമ്പോൾ തൃക്കണ്ണാപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം അതിൽനിന്നും വ്യത്യസ്തമായി പരിലസിക്കുന്നു. ഇന്ന് ക്ഷേത്രങ്ങളിൽ കലാപരിപാടികളിലോ ദർശനത്തിനോ എത്തുന്നതിനേക്കാൾ കൂടുതൽ ആളുകൾ വരുന്നത് അന്നദാനത്തിനാണ് .പലപ്പോഴും ഭക്ഷണം ഉൾപ്പെടെയുള്ള മാലിന്യം പരിസരങ്ങൾ ദുർഗന്ധപൂരിതമാക്കുകയും ചെയ്യുന്നത് നാം കാണാറുള്ളതാണ്.ഭക്ഷണം കഴിക്കാൻ പലയിടത്തും പ്ലാസ്റ്റിക് കോട്ട് ചെയ്ത പ്ലെയ്റ്റുകൾ ആണ് ഉപയോഗിക്കുന്നത്.എന്നാൽ പൂർണ്ണമായും ഗ്രീൻ പ്രോട്ടോകോൾ അഥവാ പച്ച ചിട്ട പാലിക്കുന്നതുകൊണ്ടുതന്നെ തൃക്കണ്ണാപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം അക്കാര്യത്തിൽ മാതൃകയാണ്.ഇവിടെ സ്റ്റീൽ പ്ലേറ്റുകളും സ്റ്റീൽ ഗ്ളാസുകളും ആണ് അന്നദാനസദ്യക്ക് ഭക്ഷണ വിതരണത്തിന് ഉപയോഗിക്കുന്നത്.പ്രായോഗിക ബുദ്ധിമുട്ട് ഏറെയുണ്ട് എങ്കിലും നാട്ടുകാരായ ഭക്തരുടെ സഹകരണം ഇതിനു ഏറെ സഹായകമാണ്.പൂക്കൾ ഉൾപ്പെടെയുള്ളവ താമര ഇലയിലും ഓല കുട്ടയിലും ആണ് എത്തിക്കുന്നത്.അതിനാൽ അതുവഴിയുള്ള പ്ലാസ്റ്റിക് മാലിന്യവും കുറവാണിവിടെ.വിശേഷദിവസങ്ങളിലും എല്ലാ മലയാളമാസം ഒന്നാം തീയതിയും ഉത്സവദിവസങ്ങളിലും നടക്കുന്ന അന്നദാനത്തിൽ ആയിരങ്ങൾ ആണ് പങ്ക് കൊള്ളുന്നതെങ്കിലും എല്ലാവർക്കും സ്റ്റീൽ പാത്രത്തിൽ ഭക്ഷണവും വെള്ളം നൽകുന്നത് ഏറെ ശ്രമകരമാണെങ്കിലും അതിൽ വിജയിച്ചതാണ് തൃക്കണ്ണാപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തെ മറ്റ് ആരാധനാകേന്ദ്രങ്ങളിൽനിന്നും വ്യത്യസ്തമാകുന്നത്.









Friday, 15 September 2017

അൽപ്പം ഓസോൺ ചിന്ത ആവാം

 

സെപ്റ്റംബർ 16 ലോക ഓസോണ്‍ ദിനം ആണ് . 

ഹാനികരമായ അള്‍ട്രാവയലറ്റ് രശ്മികളില്‍നിന്ന് നമ്മുടെ ഭൂമിയെ പൊതിഞ്ഞ് സൂക്ഷിക്കുന്ന വാതകപ്പുതപ്പാണ് ഓസോണ്‍ പാളി. നമ്മുടെ ഭൂമിയുടെയും സകല ജീവജാലങ്ങളുടെയും പരിസ്ഥിതിയുടെയും സംരക്ഷണത്തിനാധാരമായ വാതക കവചമായാണ് ഓസോണ്‍പാളി പ്രവര്‍ത്തിക്കുന്നത്. അതായത് ജീവൻ പുതച്ചുസൂക്ഷിച്ചിരിക്കുന്നത് ഈ ഓസോൺപാളി എന്ന പുതപ്പുകൊണ്ടാണ് .താപീയ ഇൻഫ്രാറെഡ് പരിധിക്കുള്ളിലെ വികിരണം ആഗിരണം ചെയ്ത് പ്രസരിപ്പിക്കുന്ന അന്തരീക്ഷത്തിലെ വാതകമാണ് ഹരിതഗൃഹവാതകം .ഭൂമിയുടെ അന്തരീക്ഷത്തിലെ പ്രധാന ഹരിതഗൃഹവാതകങ്ങൾ വാതക നീരാവി, കാർബൺ ഡൈ ഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ഓസോൺ എന്നിവയാണ്.വ്യാവസായിക വിപ്ലവത്തിന്റെ ആരംഭം മുതൽ (1750 മുതൽ എടുത്ത) മനുഷ്യന്റെ പ്രവർത്തനങ്ങൾ കാർബൺ ഡൈ ഓക്സൈഡിന്റെ അന്തരീക്ഷത്തിൽ 1750 മുതൽ 406 പിപിഎം വരെയുള്ള 2017 തുടക്കത്തിൽ കാർബൺ ഡൈ ഓക്സൈഡിന്റെ 40% വർദ്ധനവ് ഉണ്ടായി. കാർബൺ ചക്രത്തിൽ ഉൾപ്പെടുന്ന വിവിധ പ്രകൃതിദത്ത "സിങ്കുകൾ" ഉദ്വമനത്തിന്റെ ഒരു വലിയ ഭാഗം ഉയർത്തിക്കൊണ്ടെങ്കിലും ഈ വർദ്ധനവ് സംഭവിച്ചു. അന്തരീക്ഷം കാർബൺ ഡൈ ഓക്സൈഡ് (CO2) ഉദ്വമനം (അതായത്, മനുഷ്യ പ്രവർത്തനങ്ങളുടെ ഉദ്വമനങ്ങൾ) ഫോസിൽ ഇന്ധനങ്ങൾ, പ്രധാനമായി കൽക്കരി, എണ്ണ, പ്രകൃതി വാതകം, മണ്ണൊലിപ്പ്, മണ്ണിനൊപ്പം കാർഷിക ജൈവവ്യവസ്ഥ തുടങ്ങിയവ നശിപ്പിക്കുന്നതാണ്.
ഇന്നത്തെ കണക്കനുസരിച്ച് ഗ്രീൻ ഹൌസ് വാതക ഉദ്വമനം ഇപ്പോഴും തുടരുകയാണെങ്കിൽ, ഭൂമിയുടെ ഉപരിതല താപനില 2047 ൽ തന്നെ ചരിത്രപരമായ മൂല്യങ്ങൾ കവിയുകയാണെങ്കിൽ, ലോകവ്യാപകമായി ജൈവവ്യവസ്ഥയും ജൈവവൈവിധ്യവും ജീവജാലങ്ങളും ഉപദ്രവകരമായ പ്രത്യാഘാതങ്ങളുമുണ്ടാകും. നിലവിലെ ഉൽപാദനരീതിയിൽ ഭൂമി 2 ° C ആഗോള തളർച്ചയുടെ പരിധി കടന്നുപോകാൻ സാധ്യതയുണ്ടെന്ന് സമീപകാല കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ IPCC, 2036 ഓടു കൂടി "അപകടകരമായ" ആഗോളതാപനം ഒഴിവാക്കാൻ ഉപരിയായി പരിധി നിശ്ചയിക്കുന്നു.ഹരിതഗൃഹവാതകങ്ങളുടെ ഉയര്‍ന്ന തോതിലുള്ള പുറന്തള്ളലും ആഗോളതാപനവും മറ്റ് മലിനീകരണങ്ങളും മൂലം ഓസോണ്‍ പാളിക്ക് ശോഷണം സംഭവിക്കുകയും അതില്‍ വിള്ളലുകള്‍ ഉണ്ടാവുകയും ചെയ്തുവെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്ന് അത്തരത്തില്‍ ഓസോണ്‍ പാളിയെ ദുര്‍ബലമാക്കുന്ന വാതകങ്ങള്‍ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കുന്നത് തടയുകയും ഓസോണ്‍ പാളി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ലോകത്തിന് മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ ഐക്യരാഷ്ട്ര സഭ 1987 സെപ്റ്റംബര്‍ 16 ന് മോണ്‍ട്രിയല്‍ പ്രോട്ടോക്കോള്‍ ഒപ്പുവച്ചതിന്റെ ഓര്‍മ്മയ്ക്കായാണ് നാം ഈ ദിനം ഓസോണ്‍ ദിനമായി ആചരിക്കുന്നത്. വിപുലമായ വനവല്‍ക്കരണം വഴിയും നൂതനരീതിയിലുള്ള ഊര്‍ജ്ജസംരക്ഷണം ഉറപ്പാക്കിയും രാസവളങ്ങള്‍ക്ക് പകരം ജൈവ വളങ്ങളുടെ ഉപയോഗം പ്രോല്‍സാഹിപ്പിച്ചും പ്രകൃതിസൗഹൃദ സാങ്കേതിക വിദ്യകള്‍ അവലംബിച്ചും വാഹനങ്ങളില്‍ അമിതമായി കാര്‍ബണ്‍ വാതകങ്ങള്‍ ഉണ്ടാകാത്ത രീതിയില്‍ സാങ്കേതിക വിദ്യകള്‍ പരിഷ്‌കരിച്ചും സോളാര്‍ വൈദ്യുതി പോലുള്ള മലിനീകരണമില്ലാത്ത ഊര്‍ജ്ജ സ്രോതസ്സുകളെ കൂടുതല്‍ ഉപയോഗിച്ചും നമുക്ക് ഈ വിപത്തിനെ നേരിടാന്‍ കഴിയും. പരിസ്ഥിതി പ്രശ്‌നങ്ങളില്‍ കേവലം കാഴ്ചക്കാരായി മാറിനില്‍ക്കാതെ അവ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്ക് നാം ഓരോരുത്തരും പങ്കാളികളാകണം. പ്രകൃതിയുടെ വരവാദനമായ അമൂല്യമായ ഓസോണ്‍ കുടയെ സംരക്ഷിക്കാനും ഒപ്പം ഭൂമിയേയും പരിസ്ഥിതിയെയും നശിപ്പിക്കുന്ന എല്ലാ പ്രവര്‍ത്തികളില്‍ നിന്നും മാറിനില്‍ക്കാനും അത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവരെ പിന്തിരിപ്പിക്കാനും ഓസോണ്‍ വിനാശകാരികളായ വസ്തുക്കള്‍ ഒഴിവാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാക്കുന്നതിന് സമ്മര്‍ദ്ദ വിഭാഗമായി പ്രവര്‍ത്തിക്കാനും നമുക്ക് കഴിയണം... അതിലൂടെ ലോകത്തിന് മാതൃകയാവാൻ കഴിയണം .അതിനുള്ള നല്ല നല്ല കാഴ്ചപ്പാടുകളും ചിന്തകളും നമുക്ക് പങ്കുവയ്ക്കാം !!!











Friday, 23 June 2017

പനിക്കാപ്പി എങ്ങനെ ഉണ്ടാക്കാം ?

മലയാളി പണ്ടുമുതലേ പനിക്ക് ഉപയോഗിക്കുന്ന കാപ്പി എങ്ങനെ ഉണ്ടാക്കും?ഇത് അറിയാത്തവർക്കായി ഇതാ .....



കരുപ്പുകട്ടി അഥവാ പനംശർക്കര - 100 ഗ്രാം 

കുരുമുളക് ഉണക്ക പൊടി  - 25 ഗ്രാം  

മല്ലി  - 50 ഗ്രാം 

ചുക്ക് പൊടി - 2 ടീ സ്പൂൺ

ഉലുവ,ജീരകം - 20 ഗ്രാം വീതം 

വെളുത്തുള്ളി - 4 അല്ലി 

പിണം പുളി  - 3 അല്ലി 

ചെറിയഉള്ളി - 3 എണ്ണം 

പനിക്കൂർക്ക ഇല - 10 എണ്ണം 

ഓണതുമ്പ (വേരോടെ )- 1 ചെടി 

കൃഷ്ണതുളസി ഇല - ഒരു പിടി (ചെറിയപിടി)

കാപ്പിപൊടി (ചിക്കറി ചേരാത്തത് ) -2 ടീസ്പൂൺ 


                    ഇതിൽ കാപ്പി പൊടി ഒഴികെയുള്ളവ 6 ഗ്ലാസ് വെള്ളത്തിൽ അടച്ചുതിളപ്പിക്കുക . തിളക്കുമ്പോൾ കാപ്പി പൊടി ചേർക്കാം . തിളച്ചുവറ്റി 3 ഗ്ലാസ് ആകുമ്പോൾ ഇറക്കി ചെറിയ ചൂടോടെ മുക്കാൽ ഗ്ലാസ് കുടിക്കുക. പുതച്ചുമൂടി വിശ്രമിക്കുക .

നന്നായി വിയർത്താൽ നല്ലത് . മൂന്നുനേരം വീതം മൂന്നു ദിവസം ആവർത്തിച്ചാൽ ഒരുവിധമുള്ള എല്ലാപനിയും പമ്പകടക്കും .തിളപ്പിക്കാൻ മൺപാത്രം ആയാൽ നല്ലത് !!!


Tuesday, 20 June 2017

കേരളം പനിക്കിടക്കയിൽ : കാരണം മാലിന്യം തന്നെ


പതിവുപോലെ ഇക്കുറിയും ജൂണിൽ കേരളം പനിച്ചു വിറക്കുന്നു .
ഇത്തവണ മഴയും കുറവ്.എങ്കിലും പനി ,അതിനൊരു കുറവും ഇല്ല.
എന്താണ് ഇതിനു കാരണം .
ചിലർ പറയുംപോലെ ആരോഗ്യ അടിയന്തിരാവസ്ഥ നടപ്പാക്കിയാൽ തീരുന്നതോ മാറുന്നതോ ആണോ ഈ പനി .
 നമ്മുടെ ചുറ്റുപാടുകളിലേക്ക് ഒന്ന് കണ്ണോടിച്ചാൽ പനിയുടെ കാരണം അറിയാം
മലയാളിയുടെ ശീലങ്ങൾ മാറിയതോടെ വന്നതാണീപ്പനി .
രണ്ടുനേരം കുളിച്ചു വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഉണ്ടായിരുന്ന മലയാളി അത് മറന്നു.
ഒപ്പം പലതും വന്നു.വീട്ട് ഫുഡിൽ നിന്നും ഫാസ്റ് ഫുഡിലേക്ക് മാറിയ മലയാളി വിളിച്ചു വരുത്തിയതാണ് പല അസുഖങ്ങളും.
മാലിന്യം സംസ്കരിക്കുക സർക്കാരിന്റെ കടമയായി മലയാളി കണ്ടുതുടങ്ങിയതോടെ പരിസരശുചിത്വം ഇല്ലാതെയായി
ഇതിനു ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല .
നാം നമ്മുടെ ശീലങ്ങൾ പഴമയിലേക്ക് തിരിച്ചു കൊണ്ടുപോകണം .
എന്നുമാത്രമേ ആരോഗ്യമുള്ള മലയാളി എന്ന് നമുക്ക് പറയാനാകൂ ...
നാം വരുത്തിയ പനി നമുക്കുതന്നെ പറഞ്ഞു വിടാം ....
പ്രകൃതി സൗഹൃദമായി ജീവിക്കാം...
ആരോഗ്യത്തോടെ ജീവിക്കാം ....

Tuesday, 31 January 2017

ഫെബ്രുവരി 2 ലോകതണ്ണീർത്തട ദിനം

എല്ലാ വർഷവും  ഫെബ്രുവരി 2 ലോകതണ്ണീർത്തട ദിനമായി ആചരിച്ചുവരുന്നു.

ദുരന്തങ്ങൾ കുറക്കുക എന്നതാണ് ഈ വർഷത്തെ തണ്ണീർത്തട ദിന സന്ദേശം. തണ്ണീർത്തടങ്ങൾ സംരക്ഷിച്ചില്ലെങ്കിൽ നാം നേരിടേണ്ടിവരുന്നത് വൻദുരന്തം ആയിരിക്കും .
മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി മലയാളിയെ സംബന്ധിച്ചിടത്തോളം ഈ വർഷം മഴ 40 ശതമാനം കുറവ് ആയതിനാൽ കടുത്ത വരൾച്ച ഉണ്ടാകുമോ എന്ന ഭയം മുന്നിലുള്ളപ്പോഴാണ് ഇത്തവണത്തെ തണ്ണീർത്തട ദിനം.അതുകൊണ്ടുതന്നെ ആതലത്തിൽ നാം മാറണം.നമ്മുടെ ചിന്തകൾ മാറണം.
മലയാളിയുടെ തണ്ണീർത്തടങ്ങൾ എന്നും നെൽ വയലുകൾ ആയിരുന്നു.എന്നാൽ ഇന്ന് മലയാളക്കരയിലെ നെൽവയലുകൾ ചിത്രങ്ങൾ മാത്രമായോ എന്ന് ചിന്തിക്കണം .ആരാണ് ഇതിനു ഉത്തരവാദികൾ ?
കേരളത്തിലെ താപനിലയും കിണറുകളിലെ കുടിവെള്ള നിരപ്പും എന്തിന് നമ്മുടെ കാലാവസ്ഥപോലും നിയന്ത്രിക്കുവാൻ നെൽവയലുകൾക്ക് കഴിഞ്ഞിരുന്ന ഒരു കാലം ഉണ്ടായിരുന്നു.അന്ന് നാം അതിൽ അഭിമാനിച്ചിരുന്നു ..ആ അഭിമാനം അഹങ്കാരം ആയതോടെ നമ്മുടെ നെൽ 
വയലുകൾ കുറഞ്ഞുതുടങ്ങി.നാം കുടിവെള്ളത്തിനുപോലും നെട്ടോട്ടമോടുന്ന സ്ഥിതിയിലെത്തി ...
എന്നിട്ടും നാം മാറാൻ മടികാണിക്കുന്ന ...
ചിന്തകൾ മാറാതെ മലയാളി നന്നാവില്ല എന്ന് പറയാതെ തരമില്ല.
കുടിവെള്ള സംരക്ഷണവർഷം കൂടിയായ 2017 ലെ തണ്ണീർത്തട ദിനത്തിൽ നമുക്ക് നമ്മുടെ പഴയകാല അഭിമാനത്തിലേക്ക് മടങ്ങാനുള്ള ചിന്ത ഉണ്ടാകട്ടെ ...
പ്രകൃതിയിലേക്ക് മടങ്ങാനുള്ള ചിന്ത ഉണ്ടാകട്ടെ .....
ലോകാ സമസ്താ സുഖിനോ ഭവന്തു: