Pages

Tuesday, 3 October 2017

കാടിറങ്ങുന്ന കാട്ടാനകള്‍ : കാരണം തേടി ഒരന്വേഷണം

കാടിറങ്ങുന്ന കാട്ടാനകള്‍ :

കാട്ടാനകള്‍ കാടിറങ്ങുന്നതിനുള്ള കാരണം കുടിവെള്ള ദൗര്‍ലഭ്യമോ ആഹാരമില്ലായ്മയോ അല്ല എന്നാണ് മനസ്സിലാവുന്നത്. ഇതാണ് കാരണമെങ്കില്‍ മഴക്കാലത്ത് കാട്ടാനകളുടെ കാടിറക്കം ഉണ്ടാവുമായിരുന്നില്ല.
വനത്തിനുള്ളിലെ മാനുഷിക ഇടപെടലുകള്‍ ആണ് കാരണമെന്നും ഒരുകൂട്ടര്‍ പറഞ്ഞുപരത്തി. അതിനെപറ്റി ശുദ്ധ അസംബന്ധം എന്നേ പറയാനുള്ളൂ. കാരണം ഇക്കൂട്ടര്‍ പ്രചരിപ്പിച്ചത് വനത്തിനുള്ളില്‍ നായാട്ടുസംഘങ്ങളും കഞ്ചാവുകൃഷിക്കാരും നടത്തുന്ന ഇടപെടലുകളാണ് കാട്ടാനകള്‍ നാട്ടിലിറങ്ങുന്നതിന് കാരണം എന്നാണ്. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി ഇത്തരം ഇടപെടലുകള്‍ തീരെ ഇല്ലാതായി  എന്നതാണ് വാസ്തവം. വളരെ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന വലിയൊരുവിഭാഗം വനപാലകരുടെ അദ്ധ്വാനത്തിന്റെ ഫലമായി നായാട്ടും കാട്ടിലെ കഞ്ചാവുകൃഷിയും ഏറെക്കുറെ ഇല്ലാതായി എന്ന സത്യം കാണാതെ പോയിക്കൂടാ ...

പിന്നെ എന്താവും കാട്ടാനകള്‍ നാട്ടിലിറങ്ങുന്നതിനുകാരണം ?
നാം നടത്തിയ അന്വേഷണം കൊണ്ട്ചെന്നത്തിച്ചത് മറ്റ് ചില കാരണങ്ങളിലേക്കാണ് ...
ഈ സഹസ്രാബ്ദത്തിന്റെ ആദ്യ നാളുകളില്‍ നമ്മുടെ കാടുകളില്‍ ഒരു കൊമ്പനെ കണ്ടുകിട്ടുകപോലും പ്രയാസമായിരുന്നു ! കഴിഞ്ഞ പത്തിരുപത് വര്‍ഷംകൊണ്ട് കാട്ടാനകളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ദ്ധന ഏവരേയും അത്ഭുതപ്പെടുത്തും.. അതിനുകാരണം വന്യജീവി സംരക്ഷണ നിയമവും അത് ശക്തമായി ഉപയോഗിക്കാന്‍ തയ്യാറുള്ള വനം വകുപ്പിന്റെ ഇച്ഛാശക്തിയുമാണ്. കൂടാതെ ഇക്കാര്യത്തില്‍ മാദ്ധ്യമങ്ങളും പ്രകൃതിസ്നേഹികളും വഹിക്കുന്ന പങ്കും വളരെ വലുതാണ് . ഇന്ന് വാഹകശേഷിയെക്കാള്‍ പലയിടത്തും വന്യജീവികള്‍ പ്രത്യേകിച്ച് കാട്ടാനകള്‍ വര്‍ദ്ധിച്ചിട്ടുണ്ട് എങ്കിലും അത് കാടിറങ്ങാന്‍ കാരണമായിട്ടുണ്ടോ എന്ന് പ്രത്യേകം പരിശോധിക്കേണ്ടിയിരിക്കുന്നു.
മറ്റൊന്ന് കാട്ടാനകളുടെ സ്വഭാവത്തില്‍ ഈയടുത്തായി കണ്ടുവരുന്നമാറ്റമാണ്. മുമ്പ് ആനക്കൂട്ടങ്ങളില്‍ നിന്നും തെറ്റിയ ഒറ്റയാനോ മോഴയോ മാത്രമാണ് കാടിറങ്ങിയിരുന്നത്. എന്നാലിന്ന് പലയിടത്തും ആനകള്‍ പല ഗ്യാംഗുകളായി (സംഘങ്ങള്‍) തിരിച്ച് ടെറിട്ടറികള്‍ തിരിക്കുന്നുവോ എന്നനിലയില്‍ ചിലയിടത്തെങ്കിലും കാണുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ ശേഷികുറഞ്ഞ സംഘങ്ങള്‍ കാടിറങ്ങി നാട്ടില്‍ കറങ്ങാനുള്ള സാധ്യത കാണുന്നുണ്ട് . ഇതിന് കാലാവസ്ഥയിലുണ്ടായ വ്യതിയാനമോ ജനിതകമായ മാറ്റമോ കാരണമായിട്ടുണ്ടാവാം.

മറ്റൊരു പ്രധാന കാരണമായി തോന്നിയിട്ടുള്ളത് വനമേഖലയോട് ചേര്‍ന്നുള്ള കൃഷിയിടങ്ങളിലുണ്ടായ കൃഷിമാറ്റമാണ്.

എന്തായാലും ഇത് സംബന്ധിച്ച് കൂടുതല്‍ പഠനം അനിവാര്യമാണ്.