Pages

Friday, 28 August 2020

ആഹാര രീതി മാറുന്ന അനന്തപുരി : -

കോവിഡ് കാലത്തെ ആഹാര രീതി അനന്തപുരിയെ ആശുപത്രിയിലാക്കുമോ ?
     കോവിഡ് കാലം തുടങ്ങിയതോടെ തൊഴില്‍ ഇല്ലാതായ പലരും പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി . അതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തെരഞ്ഞെടുത്തത് വഴിയോര കച്ചവടം ആണ്. മാസ്കും വസ്ത്രങ്ങളും പച്ചക്കറിയുമെല്ലാം ചെറിയ വാഹനങ്ങളില്‍ വഴിയോരങ്ങളില്‍ നിരന്നു. കൊച്ചുകുട്ടികള്‍ മുതല്‍ വയോൃദ്ധര്‍ വരെ വ്യാപാരികളായി. 
            ഹോട്ടലുകള്‍ അടഞ്ഞതോടെ വിലക്കുറവില്‍ പാകം ചെയ്ത ആഹാരം വില്‍ക്കുന്നവരും വഴിയോരങ്ങള്‍ കൈയടക്കി. അനന്തപുരിയെ സംബന്ധിച്ചിടത്തോളം ബിരിയാണി ഒരിക്കലും നിത്യ ആഹാരം ആയിരുന്നില്ല. എന്നാലിപ്പോള്‍ അതാണ് വഴിയോര ആഹാരക്കച്ചവടക്കാരുടെ പ്രധാന വില്‍പ്പന പൊതി. ഇത് ഇവിടെ എഴുതാന്‍ കാരണം ഇന്ന് തമ്പാനൂര്‍ മുതല്‍ പാപ്പനംകോടുവരെയുള്ള പ്രധാന റോഡില്‍ കണ്ട ബിരിയാണി വില്‍പ്പന തന്നെയാണ്. എകദേശം നാല് കിലോമീറ്റര്‍ ദൂരത്തിനിടയില്‍ ചെറുതും വലുതുമായ വാഹനങ്ങളില്‍ ( ഇരുചക്രവും മുച്ചക്രവും നാലുചക്രവും ഉണ്ട്) നടക്കുന്ന വിവിധതരം ബിരിയാണി വില്‍പ്പന എണ്ണിയതില്‍ ഇരുപതിലധികം എണ്ണം ഉണ്ട്. തീര്‍ച്ചയായും ഇതൊരു മാറ്റത്തിലേക്കുള്ള ചുവടുവയ്പാണ്. എന്നാല്‍ അതിന്റെ ദോഷങ്ങള്‍ അറിയുമ്പോള്‍ തീര്‍ച്ചയായും വൈകിപ്പോയി എന്ന് തിരിച്ചറിയും.
           ഇത്രയും പറഞ്ഞത് ചില ആരോഗ്യ കാര്യങ്ങള്‍ സൂചിപ്പിക്കാനാണ്. ആഹാരം ആരോഗ്യത്തോടെ ജീവിക്കാനുള്ളതാണെന്ന തിരിച്ചറിവിലാണ് നാം പണ്ടുമുതലേ ജീവിച്ചുവന്നിരുന്നത്. അനന്തപുരിയില്‍ എന്നുമുതലാണ് ബിരിയാണി പ്രധാന ആഹാരമായത്. ബിരിയാണി നമ്മുടെ കാലാവസ്ഥയ്ക്കും ശരീരത്തിനും യോജിച്ച ആഹാരമാണോ ? കേരളത്തില്‍ ഗള്‍ഫ് നാടിന്റെ സ്വാധീനം കാരണം ബിരിയാണി പ്രധാനവിഭവമായി കഴിച്ചിരുന്ന മലബാറിലെ ആളുകള്‍ക്ക് കഴിഞ്ഞകാലങ്ങളില്‍ ആരോഗ്യപരമായ പ്രയാസങ്ങള്‍ നേരിട്ടിരുന്നോ ? അതറിയണമെങ്കില്‍ രാജ്യറാണി എക്സ്പ്രസ് ട്രെയിനില്‍ നിലമ്പൂരില്‍ നിന്ന് അനന്തപുരിയിലേക്കും തിരിച്ചും യാത്ര ചെയ്യണം. ആ രാജ്യറാണിയിലെ യാത്രികര്‍ പറയും അവര്‍ക്ക് ആഹാരരീതി മാറിയത് വരുത്തിയ ദുരിതങ്ങള്‍ . എന്തായാലും അവിടെ അവര്‍ അവരുടെ ആഹാരരീതി പഴമയിലേക്ക് മടക്കി കൊണ്ടുപോകാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. അപ്പോഴാണ് ഇങ്ങ് തെക്ക് അനന്തപുരിയില്‍ ബിരിയാണി വിപ്ലവം തുടങ്ങുന്നത്.
            എന്താണ് ഇൗമാറ്റത്തിന് പിന്നിലെ ചേതോവികാരം ? മലബാര്‍ മേഖലയില്‍ ഈകോവിഡുകാലത്ത് ധനശേഖരണത്തിനായി ചിലര്‍ നടത്തിയ ബിരിയാണി ചലഞ്ചുകളാണോ ? അതോ ബോധപൂര്‍വ്വം ചില മാഫിയ നടത്തുന്ന തന്ത്രപരമായ പ്രചാരണമോ ? അതോ ഇതിനുപിന്നില്‍ പണം മുടക്കി ആതുരാലയ വ്യവസായം തുടങ്ങി ലാഭം കൊയ്യാന്‍ വെമ്പുന്നവരോ ? എന്തായാലും നഷ്ടപ്പെടുന്നത് നമുക്കാണ്. നമ്മുടെ ആരോഗ്യമാണ്. മലബാറില്‍ നിന്നും രാജ്യറാണിയില്‍ RCC ലക്ഷ്യമാക്കി വരുന്ന നിരവധിപേരെ പോലെ അനന്തപുരിയില്‍ നിന്നും ഈ രോഗ രംഗത്ത് ചികിത്സാ സൗകര്യ വികസനം നടത്തിക്കൊണ്ടിരിക്കുന്ന തലശ്ശേരിയിലേക്കോ തൃശ്ശൂരിലേക്കോ മറ്റൊരു ട്രെയിന്‍ കൂടി ഓടണോ ? 
          എന്തായാലും പ്രിയമുള്ളവരേ വാങ്ങാനാളുണ്ടെങ്കിലേ വില്‍പ്പനക്കാര്‍ വഴിയരുകില്‍ കാത്തുനില്‍ക്കൂ. അതിനാല്‍ തീരുമാനം എടുക്കേണ്ടത് നാം മാത്രമാണ്. കരുതലോടെ മുന്നോട്ട് പോവുക .....

Tuesday, 9 June 2020

ആതിരപ്പള്ളിയെ നശിപ്പിക്കരുത്

ലോകത്തിലെ പാരിസ്ഥിതിക ജൈവവൈവിധ്യ മേഖലയായ പശ്ചിമഘട്ടത്തിലെ അതീവ പ്രാധാന്യമുള്ള പാരിസ്ഥിതിക മേഖലയാണ് ആതിരപ്പള്ളി. വീണ്ടും ആതിരപ്പള്ളി വാർത്തകളിൽ നിറയാൻ പോവുകയാണ്. ഏറ്റവുമൊടുവിലായി വീണ്ടും ആതിരപ്പള്ളി ജലവൈദ്യുത പദ്ധതിക്ക്  കഴിഞ്ഞ ദിവസം പച്ചക്കൊടി വീശിയ സര്‍ക്കാര്‍ എന്തിനുള്ള പുറപ്പാടിലാണ് എന്ന് മനസ്സിലാകുന്നില്ല. പശ്ചിമഘട്ടത്തിൽ അവശേഷിക്കുന്ന അവസാനത്തെ പച്ചപ്പും തകർക്കാനുള്ള നീക്കത്തിലാണ് സർക്കാർ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുൻകാലങ്ങളിൽ കേരളം അനുഭവിച്ചു കൊണ്ടിരുന്ന വൈദ്യുത പ്രതിസന്ധിയോ വൈദ്യുതിക്ഷാമമോ ഒന്നും തന്നെ സമീപകാല കേരളം അനുഭവിക്കുന്നില്ല. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ഭാരതം വൈദ്യുത മിച്ച രാജ്യമായി മാറിയിരിക്കുന്നു എന്ന യാഥാർത്ഥ്യം ഇവിടെ പ്രത്യേകം ഓർമ്മിപ്പിക്കുന്നു. അതുകൊണ്ടുതന്നെ മുൻകാലങ്ങളിൽ വനനശീകരണ ജലവൈദ്യുത പദ്ധതികൾക്ക് വേണ്ടി സർക്കാരുകൾ ഉയർത്തിക്കൊണ്ടുവന്ന ആ വാദം ഇവിടെ നിലനിൽക്കുന്നില്ല. 
                എറണാകുളം, തൃശ്ശൂർ ,പാലക്കാട് ജില്ലകളുടെ കാലാവസ്ഥയെ നിയന്ത്രിക്കുന്നതിൽ ആതിരപ്പള്ളി വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കേരളത്തിൽ ഏറ്റവുമധികം മലമുഴക്കി വേഴാമ്പലുകളുടെ ആവാസകേന്ദ്രം കൂടിയാണ് ആതിരപ്പള്ളി. പറമ്പിക്കുളം കടുവാ സങ്കേതവും നെല്ലിയാമ്പതിയിലെ ജൈവ വൈവിധ്യങ്ങളും വാള്‍പാറയിലെ കുളിരും എല്ലാം ആതിരപ്പള്ളിയുമായി ബന്ധപ്പെട്ടു കിടക്കുകയാണ്. ആതിരപ്പള്ളി മേഖലയുടെ ഇല്ലാതാക്കൽ ഈ പറഞ്ഞ മേഖലകളുടെ നാശത്തിലേക്കുള്ള വഴി തുറക്കൽ ആണ്.
               പരിസ്ഥിതിയെ തകർത്ത് ജൈവവൈവിദ്ധ്യം ഇല്ലാതാക്കി മടിശ്ശീല വീർപ്പിക്കാൻ കാത്തിരിക്കുന്ന കരാർ മാഫിയയ്ക്കു മുന്നിൽ ഇച്ഛാശക്തിയുള്ള സർക്കാർ മുട്ടുമടക്കരുത്. ആതിരപ്പള്ളി തകരുമ്പോൾ തകർക്കപ്പെടുന്നത് പശ്ചിമഘട്ടത്തിലെ ജൈവ സമ്പന്നമായ ഒരു മേഖലയാണ്. ഒരു ജനാധിപത്യ സർക്കാർ അതിന് ഒരിക്കലും കൂട്ടുനിൽക്കരുത്.

Sunday, 1 March 2020

വന്യജീവി ദിനം 2020

2013 ഡിസംബർ 20 ന് ഐക്യരാഷ്ട്ര പൊതുസഭയുടെ 68-ാമത് സെഷൻ മാർച്ച് 3 ലോക വന്യജീവി ദിനമായി പ്രഖ്യാപിച്ചു, ലോകത്തിലെ വന്യമൃഗങ്ങളെയും സസ്യജാലങ്ങളെയും കുറിച്ച് അവബോധം വളർത്തുന്നതിനും. 1973 ൽ വംശനാശഭീഷണി നേരിടുന്ന വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെയും അന്തർദ്ദേശീയ വ്യാപാരത്തിന്റെയും കൺവെൻഷന്റെ ഒപ്പിട്ട ദിവസമാണ് തീയതി. ലോക വന്യജീവി ദിനം വന്യജീവികൾക്കായി സമർപ്പിക്കപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ആഗോള വാർഷിക പരിപാടിയായി മാറി. കാട്ടുമൃഗങ്ങളുടെയും സസ്യജാലങ്ങളുടെയും മനോഹരവും വൈവിധ്യപൂർണ്ണവുമായ നിരവധി രൂപങ്ങൾ ആഘോഷിക്കുന്നതിനും ഈ ജീവിവർഗ്ഗങ്ങൾ നേരിടുന്ന വിവിധ വെല്ലുവിളികളെക്കുറിച്ച് അവബോധം വളർത്തുന്നതിനുമുള്ള അവസരമാണിത്. വിപുലമായ സാമ്പത്തിക, പാരിസ്ഥിതിക, സാമൂഹിക പ്രത്യാഘാതങ്ങളുള്ള വന്യജീവി കുറ്റകൃത്യങ്ങൾക്കെതിരായ പോരാട്ടം ത്വരിതപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഈ ദിവസം ഓർമ്മിപ്പിക്കുന്നു. ഇപ്പോള്‍ ലോക വന്യജീവി ദിനം  വന്യജീവികൾക്കായി സമർപ്പിച്ചിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആഗോള വാർഷിക പരിപാടിയായി മാറി. ലോകത്തിലെ ജൈവവൈവിധ്യത്തിന്റെ പ്രധാന ഘടകങ്ങളായി എല്ലാ വന്യമൃഗങ്ങളെയും സസ്യജാലങ്ങളെയും ഉൾപ്പെടുത്തി "ഭൂമിയിലെ എല്ലാ ജീവജാലങ്ങളെയും നിലനിർത്തുക" എന്ന വിഷയത്തിൽ ഊന്നിയാണ് ഇത്തവണ ലോക വന്യജീവി ദിനം ആഘോഷിക്കുന്നത്.
ബയോഡൈവേഴ്‌സിറ്റി സൂപ്പർ ഇയർ” എന്നറിയപ്പെടുന്ന 2020 വർഷം ആഗോള സുസ്ഥിര വികസന അജണ്ടയിൽ ജൈവവൈവിധ്യത്തെ മുൻ‌നിരയിൽ നിർത്തുന്ന നിരവധി പ്രധാന ആഗോള പരിപാടികള്‍ ആണ് ലക്ഷ്യമിടുന്നത്.  പ്രകൃതി അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങളുമായി ഏറ്റവും മികച്ച രീതിയിൽ പരിഹരിക്കാവുന്ന ആഗോള സുസ്ഥിര വികസന വെല്ലുവിളികൾക്ക് മറുപടിയായി വന്യമൃഗങ്ങളുടെയും സസ്യങ്ങളുടെയും സംരക്ഷണത്തിനും സുസ്ഥിര ഉപയോഗത്തിനും പരിവർത്തനപരമായ പുരോഗതി നൽകുന്നതിന് ഇത് ഒരു സവിശേഷ അവസരം നൽകുന്നു.

കേരളത്തെ സംബന്ധിച്ചിടത്തോളം മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷം ഏറ്റവും രൂക്ഷമായ കാലഘട്ടമാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവിലായി പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ നാട്ടിലിറങ്ങിയ കാട്ടാനയെ കയറുന്നതിനിടയിൽ ഒരു വനപാലകന്റെ ജീവൻ അപഹരിച്ച സംഭവം പോലും ഉണ്ടായിരിക്കുന്നു. ഇവിടെ പ്രസക്തമായ ഒരു ചോദ്യം കാട്ടാനകളും വന്യജീവികളും നാട്ടിലേക്ക് ഇറങ്ങുന്നതാണോ നാട് കാട്ടിലേക്ക് കടന്നു കയറുന്നതാണോ എന്നതാണ്. എന്തായാലും അതുമായി ബന്ധപ്പെട്ട യാഥാർഥ്യങ്ങളുമായി യോജിക്കുന്നതിന്  ഇന്ന് ആ മേഖലയിൽ ജീവിക്കുന്ന മനുഷ്യർ തയ്യാറാകില്ല എന്നതാണ് സത്യം. പരമമായ ആ സത്യം അംഗീകരിക്കാത്തിടത്തോളം കാലം മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷം തുടർന്നുകൊണ്ടേയിരിക്കും. മനുഷ്യൻ മാത്രമല്ല ഭൂമിയുടെ അവകാശികൾ എന്നുള്ള പരമമായ സത്യം അംഗീകരിക്കാൻ കൂടി ആവട്ടെ ഇത്തവണത്തെ വന്യജീവി ദിനാചരണം.